അലഹബാദ്: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍ രവി നായര്‍ ജയിലില്‍ തുടരും.
അറസ്റ്റിനെതിരെ രവി നായര്‍ നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് ഗുജറാത്ത് ഹൈക്കോടതി തിങ്കളാഴ്ച അനുമതി നല്‍കിയതിനെത്തുടര്‍ന്നാണിത്.
ഹരജിയില്‍ ജസ്റ്റിസ് എം.കെ താക്കര്‍ ശനിയാഴ്ച നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ച അദാനി എന്റര്‍പ്രൈസസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ നിയമപരവും വസ്തുതാപരവുമായ വശങ്ങള്‍ രേഖപ്പെടുത്താന്‍ സമയം തേടി.
രവി നായരുടെ അഭിഭാഷകന്‍ ഇടക്കാല ആശ്വാസത്തിനുവേണ്ടി സമ്മര്‍ദം ചെലുത്തുകയും തന്റെ കക്ഷി ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടി വരരുത് എന്നും വാദിച്ചു.
2021ല്‍ അദാനി എന്റര്‍പ്രൈസസ് ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗാന്ധിനഗറിലെ മേല്‍ക്കോടതി രവി നായര്‍ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
ഗാന്ധിനഗറിലെ അപ്പീല്‍ക്കോടതിയില്‍ ശിക്ഷയെ ചോദ്യം ചെയ്തുകൊണ്ട് രവി നായര്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അപ്പീല്‍വാദം നടക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയില്‍ മാര്‍ച്ചില്‍ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു.
ഔദ്യോഗികമായ സമന്‍സോ നോട്ടീസോ അയക്കാതെയാണ് കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതെന്ന് രവി നായര്‍ തന്റെ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കേരളത്തില്‍ നിന്നും യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സെപ്തംബര്‍ മൂന്നിന് നടന്ന ഹിയറിങില്‍ നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഹരജിക്കാരനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിടുകയും അദ്ദേഹത്തെ ജയിലിലടക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 17നാണ് രവി നായരെ അറസ്റ്റ് ചെയ്തത്.
Content Highlight: Journalist Ravi Nair stays in jail as Gujarat High Court gives Adani time to respond
