സോഷ്യല്‍ മീഡിയ റീലുകളിലൂടെയും യൂട്യൂബ് കണ്ടന്റ് ക്രിയേഷനിലൂടെയും ശ്രദ്ധിക്കപ്പെട്ട് സിനിമയിലേക്കെത്തുന്നവര്‍ ഇന്ന് നിരവധിയാണ്. മലയാളികളുടെ പ്രിയങ്കരരായ ഹാഷിറും ഗ്യാങ്ങും, ജോമോന്‍ ജ്യോതിര്‍, റോഷന്‍ ഷാനവാസ്, ഷമീര്‍ ഖാന്‍ തുടങ്ങി ഒട്ടനവധി പേരാണ് ഇത്തരത്തില്‍ മലയാള സിനിമയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്. വാഴ 2ലൂടെ കേരള ബോക്സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ചുകൊണ്ടാണ് ഹാഷിറും ഗ്യാങ്ങും വരവറിയിച്ചതെങ്കില്‍ ചെറുതും വലുതുമായ ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെയാണ് മറ്റുള്ളവര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്.

ടൈറ്റന്‍സ്. Photo: X.com
കൂട്ടത്തില്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവാണ് നിഹാല്‍ നിസാം. കുടോസ് എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട നിഹാല്‍ ചുരുങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളതെങ്കിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
താരത്തിന്റേതായി ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ടൈറ്റന്‍സ്. ഫാന്റസി കോമഡി ആക്ഷന്‍ ഴോണറിലൊരുക്കിയ ചിത്രത്തില്‍ ജയസൂര്യയ്ക്കും വിനായകനും ഒപ്പം നില്‍ക്കുന്ന കഥാപാത്രമായ അന്‍വറായാണ് നിഹാല്‍ വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് നിഹാല്‍.
‘കണ്ടന്റ് ക്രിയേഷനാണ് കൂടുതല്‍ എളുപ്പമായി തോന്നിയിട്ടുള്ളത്. സിനിമയിലും കംഫര്‍ട്ടുണ്ട്, ഇല്ല എന്നല്ല. പക്ഷേ റീല്‍സ് ചെയ്യുമ്പോള്‍ നമ്മുടെ കംഫര്‍ട്ട് സോണില്‍ നിന്ന് തന്നെയായിരിക്കും ചെയ്യുന്നത്. കാരണം നമ്മുടെ ഫ്രണ്ട്‌സ് തന്നെയാണ് കൂടെ അഭിനയിക്കുന്നതും ഷൂട്ട് ചെയ്യുന്നതും. അങ്ങനെ എല്ലാത്തിലും നമ്മുടെ ഒരു സ്‌പേസ് ഉണ്ട്. പിന്നെ ടെന്‍ഷന്‍ കുറവാണ്. കാരണം നമുക്കുള്ള റെസ്‌പോണ്‍സിബിളിറ്റി കുറവാണ്. പക്ഷേ സിനിമ എന്ന് പറയുമ്പോള്‍ ഒരു ടീം വര്‍ക്കാണ്. കൂടുതലും നമുക്ക് അറിയാത്ത ആള്‍ക്കാരായിരിക്കും. ഇവരൊക്കെയായിട്ട് ഒന്ന് ജെല്‍ ആയി അവിടെ ഒരു കംഫര്‍ട്ട് ഉണ്ടാക്കണം.

ടൈറ്റന്‍സ്. Photo: X.com
മറ്റൊരു കാര്യം റീലില്‍ നമുക്ക് എന്തും അഭിനയിക്കാം, പക്ഷേ സിനിമയില്‍ ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്യുന്ന സാധനം മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് സിനിമയിലാണ് ഉത്തരവാദിത്തം കൂടുതല്‍. ഉറപ്പായിട്ടും സിനിമയില്‍ അഭിനയിക്കുന്നത് തന്നെയാണ് ബുദ്ധിമുട്ട്,’ നിഹാല്‍ പറഞ്ഞു.
Content Highlight: Actor Nihal Nizam talks about difference between Cinema and content creation
