ന്യൂദല്‍ഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് സമീപം നോണ്‍വെജ് റെസ്‌റ്റോറന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സോമനാഥ് ക്ഷേത്രത്തിന് സമീപം മാംസാഹാരം പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിരോധനം പുനസ്ഥാപിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ 80 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണെന്നിരിക്കെ, ഈ തീരുമാനം പ്രദേശത്തെ ബിസിനസുകളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് റെസ്റ്റോറന്റ് ഉടമകള്‍ വാദിച്ചു. എന്നാല്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ടെന്നും ഈ ഘട്ടത്തില്‍ തങ്ങള്‍ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ‘ഞങ്ങള്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ല,’ എന്ന് ബെഞ്ച് നിരീക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിഷയത്തില്‍ എത്രയും വേഗം അന്തിമ വിധി പുറപ്പെടുവിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വാദം കേള്‍ക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഞങ്ങള്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കും. ഇതൊരു ഇടക്കാല ഘട്ടം മാത്രമാണെന്നും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ‘ദീപാവലി മധുരപലഹാരങ്ങള്‍ കഴിച്ച് ആഘോഷിക്കൂ. സസ്യാഹാരമോ മാംസാഹാരമോ എന്ന തര്‍ക്കം മാറ്റിവെക്കൂ,’ എന്നും തമാശരൂപേണ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ക്ഷേത്ര പരിസരത്തെ നിശ്ചിത പ്രദേശങ്ങളിലെ കടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വഴിയോര സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ മാംസാഹാരം പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതും വിലക്കിക്കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് ഈ വര്‍ഷം ഓഗസ്റ്റ് പത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സോമനാഥ ക്ഷേത്രത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നേരത്തെ, റെസ്റ്റോറന്റ് ഉടമകള്‍ ഈ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ നിരോധനം നീക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.

ഉത്സവകാലത്ത് നിശ്ചിത പ്രദേശങ്ങളില്‍ മാംസാഹാരം അനുവദിക്കുന്നത് ഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തിയേക്കാം എന്ന വാദമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് സ്റ്റേ ചെയ്ത് നോണ്‍ വെജിറ്റേറിയന്‍ നിരോധനം പുനഃസ്ഥാപിക്കുകയായിരുന്നു.

ഓഗസ്റ്റ് പത്തിലെ വിജ്ഞാപനത്തിന്റെ സാധുതയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ വിഷയം നവംബര്‍ 25-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Content Highlight: Supreme Court refuses to lift ban on non-veg eateries near Gujarat Somnath Temple