ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. 40 വര്‍ഷത്തിലേറെയായി സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ഇല്ല. ഭാഷാവ്യത്യാസമില്ലാതെ മലയാളത്തിന് പുറത്തും താരം ശ്രദ്ധ നേടിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആശയിലും ഉര്‍വശി എന്ന പെര്‍ഫോമര്‍ കൈയടി നേടുകയാണ്.

മലയാളത്തില്‍ തിരക്കുള്ള നടിയായി തിളങ്ങി നിന്നപ്പോഴും ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത താരമാണ് ഉര്‍വശി. സംവിധായകരോടും എഴുത്തുകാരോടുമുള്ള ബന്ധത്തിന്റെ പുറത്ത് ഉര്‍വശി ചെയ്തിട്ടുള്ള ചെറിയ റോളുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. നായികയായി മാത്രം തിളങ്ങാതെ ക്യാരക്ടര്‍ റോളുകളും തെരഞ്ഞെടുത്ത് വിസ്മയിപ്പിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്.

ഉര്‍വശി Photo: Screen grab/ Portrayals by Gaddafi

അത്തരത്തില്‍ ഉര്‍വശി ചെയ്ത് ഗംഭീരമാക്കിയ വേഷങ്ങളിലൊന്നാണ് മൈ ഡിയര്‍ മുത്തച്ഛനിലെ ക്ലാര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശിയുടെ ഒരു ഫ്‌ളാഷ്ബാക്ക് നരേഷന്‍ ഇന്നും ഐക്കോണിക്കാണ്. പ്രണയത്തിന്റെ പേരില്‍ നാട്ടില്‍ ലഹളയുണ്ടാക്കി ഓടിവന്നയാളാണെന്ന് വളരെ സിമ്പിളായി പറഞ്ഞത് ഇന്നും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട്. ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. പോര്‍ട്രയല്‍സ് ബൈ ഗദ്ദാഫിയോട് സംസാരിക്കുകയായിരുന്നു താരം.

‘തൃപ്പുണിത്തുറ ഹില്‍ വ്യൂവില്‍ വെച്ചായിരുന്നു ആ പടത്തിന്റെ ഷൂട്ട്. ‘ഇങ്ങനെയൊരു റോളുണ്ട്. ഉര്‍വശി ചെയ്യുമോ’ എന്ന് സത്യേട്ടന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പോയി ചെയ്തു. ആ റോള് ചെറുതാണോ വലുതാണോ എന്നൊന്നും നോക്കിയിട്ടില്ല. അന്നൊന്നും ഇതുപോലെ സീനുകളെ അരിച്ചുപെറുക്കാന്‍ ഇതുപോലെ സോഷ്യല്‍ മീഡിയയൊന്നും ഇല്ലായിരുന്നല്ലോ.

എന്നിട്ടും ചിലര്‍ എന്റെയടുത്ത് ‘പൊടീ, നീയെന്തിനാ ഇതുപോലത്തെ ചെറിയ റോളുകള്‍ ചെയ്യുന്നത്’ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് കംഫര്‍ട്ടായിട്ടുള്ള ക്രൂവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് ചെയ്തത്. നായികയായി മാത്രമേ അഭിനയിക്കുള്ളൂ എന്ന നിര്‍ബന്ധമൊന്നുമില്ല. തലയണമന്ത്രത്തില്‍ എന്ത് നന്നായിട്ടാ ഒരു കുടുംബം ഞാന്‍ കലക്കിയത്. ഞാനായതുകൊണ്ട് മാത്രം ആളുകള്‍ സ്വീകരിച്ചു എന്ന് ചിലര്‍ അന്ന് പറഞ്ഞിരുന്നു. അല്ലാതെ വേറൊന്നുമില്ല,’ ഉര്‍വശി പറഞ്ഞു.

ഇതുപോലെ സൗഹൃദത്തിന്റെ പുറത്ത് ചെയ്ത സിനിമകളിലൊന്നായിരുന്നു യോദ്ധയെന്നും താരം പറഞ്ഞു. സംഗീത് ശിവനുമായി നല്ല അടുപ്പമായിരുന്നെന്നും അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ പോയി ചെയ്ത വേഷമായിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കിട്ടുന്ന വേഷം ചെറുതോ വലുതോ എന്ന് നോക്കാതെയാണ് ചെയ്തിട്ടുള്ളതെന്നും താരം പറയുന്നു.

Content Highlight: Urvashi about her character in My dear Muthachan movie