തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്. ചിത്രത്തിലെ കർക്കശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
ചിത്രത്തിലെ ജസ്റ്റിൻ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ നടി മഞ്ജുശ്രീ. പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ ജസ്റ്റിൻ എന്ന കഥാപാത്രം ഉണ്ടാക്കിയ സ്വാധീനം ശ്രദ്ധേയമാണെന്ന് നടി പറഞ്ഞു. പ്രായവ്യത്യാസമുള്ള വിവാഹങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും സിനിമ മാറ്റമുണ്ടാക്കിയിട്ടുണ്ടാകാമെന്നും അവർ അഭിപ്രായപ്പെട്ടു. സെല്ലുലോയിഡ് മാഗസിൻ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ.

മഞ്ജുശ്രീ. Photo. Screen Grab/ Youtube.com
പ്രായത്തിൽ വലിയ വ്യത്യാസമുള്ള ഒരാളെ വിവാഹം കഴിക്കുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് മഞ്ജുശ്രീ പറഞ്ഞു. എന്നാൽ, വിവാഹിതരാകുന്ന രണ്ട് പേർക്കും പരസ്പരം പ്രശ്നങ്ങളില്ലെങ്കിൽ അതിനെ മറ്റുള്ളവർ പ്രശ്നമായി കാണേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
‘യഥാർതത്തിൽ പ്രായവ്യത്യാസമുള്ള ഒരാളെ കല്യാണം കഴിപ്പിച്ചുകൊടുക്കുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടാകും. അത് സ്വാഭാവികമായ വീട്ടുകാരുടെ പെരുമാറ്റമായാണ് ഞാൻ കാണുന്നത്. പിന്നെ അവർക്ക് തമ്മിൽ പ്രശ്നമില്ലെങ്കിൽ അതൊരു പ്രശ്നമായി തന്നെ കാണേണ്ട ആവശ്യമില്ല. നമ്മളായിട്ട് അല്ലല്ലോ, അവർ ആയിട്ട് തന്നെ യോജിക്കുന്നു എന്ന് കണ്ടിട്ടാണല്ലോ അവർ വരുന്നത്. അവർ തമ്മിൽ ഇഷ്ടമായിട്ട് വരികയാണെങ്കിൽ എന്റെ പേഴ്സണൽ ലൈഫിൽ ആണെങ്കിലും ഞാൻ അത് ഓക്കെ എന്ന് പറയും,’ മഞ്ജുശ്രീ പറഞ്ഞു.
സിനിമയിലെ ജസ്റ്റിൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇടം നേടിയതും ഈ കാഴ്ചപ്പാടുകളെ മാറ്റിയത്തിന് ഉദാഹരണമാണെന്നും താരം പറഞ്ഞു. ഒരുകാലത്ത് സമപ്രായക്കാരെ മാത്രമേ വിവാഹം കഴിക്കൂ എന്ന ചിന്തയുണ്ടായിരുന്ന പല പെൺകുട്ടികളും ജസ്റ്റിനെ പോലൊരു പങ്കാളിയെ ഇപ്പോൾ വേണമെന്ന് പറയുന്നുണ്ടെന്നും അവർ പറഞ്ഞു.
‘സിനിമ ഇറങ്ങിയതിനുശേഷം ജസ്റ്റിൻ എന്ന കഥാപാത്രം ആളുകളുടെ മനസിലേക്ക് അത്രത്തോളം ഇറങ്ങിച്ചെന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ മനസിലേക്ക്. ഒരു സമയത്ത് എല്ലാ പെൺകുട്ടികൾക്കും സമപ്രായക്കാരെ മാത്രം വിവാഹം കഴിച്ചാൽ മതി എന്നൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഒരുപാട് ഏജ് ഉള്ളവരെ വേണ്ട, അയ്യേ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഈ സിനിമ കാരണം അങ്ങനെയുള്ള ഒരു കാഴ്ചപ്പാട് മാറിയെന്ന് ഞാൻ കരുതുന്നു,’ താരം വ്യക്തമാക്കി.
സ്വന്തം മകൾ പറഞ്ഞ കാര്യവും ഇതിന് ഉദാഹരണമായി മഞ്ജുശ്രീ ചൂണ്ടിക്കാട്ടി. മകൾക്ക് 18 വയസ്സ് മാത്രമാണെങ്കിലും ജസ്റ്റിനെപ്പോലൊരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് അവൾ പറഞ്ഞതായാണ് മഞ്ജുശ്രീ പറയുന്നത്.
‘എന്റെ മോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്, അവൾ പോലും പറഞ്ഞു, ജസ്റ്റിൻ ചേട്ടനെ പോലെ ഒരു ചേട്ടൻ ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു എന്ന്. അപ്പോൾ ഞാൻ വിചാരിച്ചു, അവൾക്ക് 18 വയസ്സ് മാത്രമേ ഉള്ളൂ. അവൾ തന്നെ അങ്ങനെ പറയുന്നുണ്ടെങ്കിൽ അതാണ് ആ സിനിമയുടെ ഇൻഫ്ലുവൻസ് എന്ന് പറയുന്നത്,’ നടി പറഞ്ഞു.

മഞ്ജുശ്രീ. Photo.Screen Grab/ Youtube
ജസ്റ്റിന്റെ സ്വഭാവത്തിലെ കരുതലും സ്നേഹവും തന്നെയാണ് കഥാപാത്രത്തെ പെൺകുട്ടികൾക്കിടയിൽ ഇത്രയും സ്വീകാര്യനാക്കിയതെന്നും മഞ്ജുശ്രീ കൂട്ടിച്ചേർത്തു.
‘അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ നല്ലതല്ലേ, ജസ്റ്റിൻ ചേട്ടാ അത് വേണം, ചേട്ടാ ഇത് വേണം എന്ന് പറയുമ്പോൾ ഓടി വരാൻ. പിന്നെ എല്ലാവരും ആഷ്‌ലിയെ പോലെ ഒരു കുട്ടിയായിരിക്കണം എന്ന് പറയുന്നവരുണ്ട്. അങ്ങനെ ഒരു കുട്ടി ആവണമെങ്കിൽ ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ ജസ്റ്റിനെ പോലെയും ആകണം,’ മഞ്ജുശ്രീ പറഞ്ഞു.
Content Highlight: Manjusree opens up about Justin’s character in ‘Bethlehem Kudumba Unit’
