അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന. ഇന്ത്യ-ശ്രീലങ്ക ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ മത്സരത്തിലാണ് മന്ഥാന ഈ നേട്ടത്തിലെത്തിയത്.
കോരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ 13 റണ്‍സ് നേടിയതിന് പിന്നാലെയാണ് മന്ഥാനയെ തേടി ഈ നേട്ടമെത്തിയത്. ദേശീയ ടീമിനായി കളത്തിലിറങ്ങിയ 308ാം ഇന്നിങ്‌സിലാണ് മന്ഥാനയുടെ നേട്ടം.
വനിതാ ഏകദിനത്തിലാണ് മന്ഥാന കരിയറില്‍ ഏറ്റവുമധികം റണ്‍സ് നേടിയത്. 120 ഇന്നിങ്‌സില്‍ നിന്നും 47.88 ശരാശരിയില്‍ 5,411 റണ്‍സാണ് താരം നേടിയത്. 14 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ താരം നേടിയിട്ടുണ്ട്.
ടി-20യില്‍ 172 ഇന്നിങ്‌സില്‍ നിന്നും 37 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമടക്കം 4867 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 30.69 ശരാശരിയുള്ള മന്ഥാനയുടെ അന്താരാഷ്ട്ര ടി-20 സ്‌ട്രൈക് റേറ്റ് 126.90 ആണ്.
വനിതാ ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം 788 റണ്‍സാണ് മന്ഥാനയുടെ സമ്പാദ്യം. വനിതാ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ചുരുക്കം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മന്ഥാന.
അതേസമയം, ഫൈനലില്‍ 45 പന്തില്‍ 79 റണ്‍സുമായാണ് മന്ഥാന കളം വിട്ടത്. ഏഴ് സിക്‌സറും അഞ്ച് ഫോറും അടക്കം 175.56 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
മന്ഥാനയ്ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോളും ഓപ്പണര്‍ ഷെഫാലി വര്‍മയും തിളങ്ങി. റിച്ച ഘോഷ് 22 പന്തില്‍ പുറത്താകാതെ 49 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ 48 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്.
മൂവരുടെയും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടി.
ശ്രീലങ്കയ്ക്കായി ചാമുദി പ്രബോധ, കവിഷ ദില്‍ഹാരി, സുഗന്ധിക കുമാരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം സ്വന്തമാക്കിയത്. ഇപ്പോള്‍ അതേ ശ്രീലങ്കയെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തി ഏഷ്യന്‍ ക്രിക്കറ്റില്‍ തങ്ങളുടെ സമഗ്രാധിപത്യം അടിവരിയിടാനാണ് ഹര്‍മനും സംഘവും ഒരുങ്ങുന്നത്.
Content Highlight: Smriti Mandhana has become the first female player to complete 11,000 runs in international cricket.
