തമിഴില്‍ ഈ വര്‍ഷം ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട സിനിമകളിലൊന്നാണ് മൊത രാത്രി. വലിയ താരനിരയോ ബജറ്റോ ഇല്ലാതെ ഒരു ദിവസത്തെ കഥ പറഞ്ഞ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹിറ്റായത്. തിരുനെല്‍വേലിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് മൊത രാത്രിയുടെ കഥ.

നവാഗതനായ രാജാ കറുപ്പസാമിയാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജ ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ നിതീഷായി വേഷമിട്ടതും രാജയാണ്. ഒ.ടി.ടി റിലീസിന് ശേഷം മലയാളികള്‍ക്കിടയിലും ചിത്രം ചര്‍ച്ചയായി.

കോമഡിയോടൊപ്പം സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും മൊത രാത്രി കണക്കിന് പരിഹസിക്കുന്നുണ്ട്. ഇപ്പോഴിതാ ഇഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ച് രാജാ കറുപ്പസാമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കേരളത്തിന് പുറത്തുള്ള ഫിലിംമേക്കേഴ്‌സ് സാധാരണയായി തെരഞ്ഞെടുക്കുന്ന സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ലിസ്റ്റാണ് രാജ കറുപ്പസാമി പറഞ്ഞത്.

‘എനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമ ഏതെന്ന് ചോദിച്ചാല്‍ കുറച്ച് കുഴയും. എന്നാലും ആദ്യം മൈന്‍ഡില്‍ വരുന്ന പടം കാക്കക്കുയിലാണ്. അതുപോലെ ചന്ദ്രലേഖയും ഇഷ്ടമാണ്. ലാല്‍ സാറിന്റെ ഹ്യൂമര്‍ അതിന്റെ പീക്കില്‍ കണ്ട സിനിമകളാണ് ഇത് രണ്ടും. അതുപോലെ പൃഥ്വിരാജ് സാര്‍ അഭിനയിച്ച ഒരു പടമുണ്ട്, കുരുതി. അതും എനിക്ക് ഒരുപാട് ഇഷ്ടമാണ്.

പിന്നെ മമ്മൂട്ടി സാര്‍ സമീപകാലത്ത് ചെയ്ത എല്ലാ സിനിമകളും. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ സിനിമകള്‍ എന്തായാലും എടുത്തുപറയണം. ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെ പടങ്ങള്‍, ശ്രീനിവാസന്‍ സാറിന്റെ പടങ്ങള്‍, പ്രത്യേകിച്ച് നാടോടിക്കാറ്റ്. ഇതൊന്നുമില്ലാതെ ലിസ്റ്റ് കംപ്ലീറ്റാവില്ല.

അതുപോലെ ട്വന്റി 20യും എനിക്ക് ഇഷ്ടപ്പെട്ട പടമാണ്. ടാറന്റിനോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ‘I never went film schools, I Went into films’ ഞാന്‍ ഫിലിം സ്‌കൂളില്‍ പോയിട്ടുണ്ടെങ്കിലും ഇത്തരം സിനിമകള്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്,’ രാജാ കറുപ്പസാമി പറയുന്നു.

മൊത രാത്രിക്ക് ഗംഭീര അഭിപ്രായം ലഭിച്ചതിനൊപ്പം നിതീഷ് എന്ന കഥാപാത്രത്തിനും ഒരുപാട് പ്രശംസ ലഭിക്കുന്നുണ്ട്. സംവിധാനം ചെയ്ത സിനിമയില്‍ ഏറ്റവും മണ്ടനായിട്ടുള്ള കഥാപാത്രം തെരഞ്ഞെടുത്തതിലാണ് രാജയെ എല്ലാവരും അഭിനന്ദിക്കുന്നത്. രാജയുടെ അടുത്ത ചിത്രം ഏതെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Raja Karuppasamy saying Kakkakuyil is his favorite Malayalam movie