ന്യൂദല്‍ഹി: രാജ്യത്തെ ആര്‍.എസ്.എസ്, ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ബുള്ളികളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേര്‍ക്ക് നേര്‍ വരാന്‍ ഭയപ്പെടുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാത്രമാണ് സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ചലോ ദില്ലി മാര്‍ച്ചിന് ശേഷം ഇന്നലെ (ഒക്ടോബര്‍ 12, തിങ്കള്‍) സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് രാഹുല്‍ ഈ കാര്യം പറഞ്ഞത്.
ഇന്ത്യയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നതിനാല്‍ ഈ ദിവസം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. തങ്ങളെ അടിച്ചമര്‍ത്താനോ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ നിങ്ങള്‍ക്ക് കഴിയില്ല. ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും അടക്കം പതിനായിരക്കണക്കിന് പേരാണ് ഇന്നലെ നടന്ന ദല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്തത്. ഈ മാര്‍ച്ചിന് നേര്‍ക്ക് ആര്‍.എസ്.എസ് അക്രമികള്‍ എത്തിയിരുന്നില്ലെന്നും എന്നാല്‍ രണ്ട് ദിവസം മുമ്പ് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അവര്‍ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രണ്ട് ദിവസം മുമ്പ് ചെറിയ കുട്ടികളെ മര്‍ദ്ദിച്ച ആര്‍.എസ്.എസ്സിലെ ഭീരുക്കള്‍ എവിടെയായിരുന്നു എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു. എവിടെയായിരുന്നു ആ ആളുകള്‍? അവരെ താന്‍ പ്രതിഷേധ സമയത്ത് കണ്ടില്ല. ഇന്ത്യയിലെ ജനങ്ങള്‍ അവിടെ അണിനിരക്കുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ പുറത്തുവരാത്തത്? നിങ്ങളുടെ ആ ചെറിയ ഷാളുകള്‍ അണിഞ്ഞ് പുറത്തുവന്ന് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുകൂടേയെന്നും രാഹുല്‍ പറഞ്ഞു.
‘നിങ്ങളും ഇന്ത്യയുടെ പ്രധാനമന്ത്രിയെപ്പോലെ തന്നെ ബുള്ളികളാണ്. നിങ്ങള്‍ക്ക് ധീരമായി നേര്‍ക്ക് നേരെ വരാന്‍ കഴിയില്ല. അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാത്രമേ നിങ്ങള്‍ക്ക് കഴിയൂ,’ ആര്‍.എസ്.എസ് ഗുണ്ടകളെ ലക്ഷ്യംവച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
ദില്ലി ചലോ പ്രതിഷേധത്തില്‍ പങ്കെടുത്തവരോടും ഐക്യപ്പെട്ടവരോടും താന്‍ നന്ദി പറയുകയാണെന്നും രാഹുല്‍ വ്യക്തമാക്കി. ‘ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അവരവരുടെ രീതിയില്‍ പിന്തുണ പ്രകടിപ്പിച്ച ലക്ഷക്കണക്കിന് ആളുകളോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലെയും സഖ്യത്തിലെയും എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി,’ രാഹുല്‍ പറഞ്ഞു.
ഇന്ന് സംഭവിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ വലിയ സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു. എല്ലാവരെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്. എല്ലാവരും ഒരു ടീമിനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് സമാന്തരമായ വ്യത്യസ്ത പ്രതിഷേധങ്ങളല്ലെന്നും എല്ലാം ഒരുമിച്ചുള്ള പ്രതിഷേധങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.
‘എന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞതുപോലെ, സമാന്തര പ്രതിഷേധങ്ങളൊന്നുമില്ല. ഇതൊരു ഒറ്റ പ്രതിഷേധമാണ്. എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന പ്രതിഷേധം. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്തുന്നവര്‍ക്കെതിരെ ഓരോരുത്തരും നിലകൊള്ളും. ഞങ്ങള്‍ ഒട്ടും പിന്നോട്ടില്ല.
പ്രതിഷേധത്തില്‍ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സിവില്‍ സൊസൈറ്റി സംഘടനകളിലെ എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയെ ഞങ്ങള്‍ വിലമതിക്കുന്നു, നിങ്ങളെയെല്ലാം ഞങ്ങള്‍ സ്‌നേഹിക്കുന്നു.
ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ മുന്നോട്ടുവന്ന എല്ലാവര്‍ക്കും നന്ദി. തെരുവിലിറങ്ങിയ ഓരോ വ്യക്തിയെക്കുറിച്ചും എനിക്ക് അതിയായ അഭിമാനമുണ്ട്,’ രാഹുല്‍ പറഞ്ഞു.
Content Highlight: ‘You are bullies like PM’: Rahul Gandhi targets BJP, RSS over attack on protesters
