ശക്തമായ നിലപാട് കൊണ്ടും, അഭിനയ മികവ് കൊണ്ടും സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. 2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. എന്നാൽ 2015 ൽ പൃഥ്വിരാജ് നായകനായെത്തിയ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രത്തിലൂടെയാണ് പാർവതി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

പൃഥ്വിരാജ് നായകനായി ഈ വർഷം പുറത്തിറങ്ങിയ ഐ നോബഡിയ്ക്ക് പിന്നാലെ അടുത്തിടെ തിയേറ്ററുകളിലെത്തിയ പാർവതിയുടെ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ഇപ്പോൾ ഒ.ടി.ടിയിലൂടെയും പ്രേക്ഷക പ്രശംസ നേടുകയാണ്.

മോഹൻലാൽ ചിത്രം ‘ദൃശ്യം’വുമായി തന്റെ പുതിയ ചിത്രമായ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ താരതമ്യം ചെയ്യുന്നതിൽ വ്യക്തിപരമായി തനിക്ക് പ്രശ്നമില്ലെന്ന് പറയുകയാണിപ്പോൾ നടി പാർവതി തിരുവോത്ത്. വർഷങ്ങൾക്കിപ്പുറവും ‘ദൃശ്യം’ പ്രേക്ഷകരിൽ ഉണ്ടാക്കിയ അത്ഭുതവും ആവേശവും നിലനിൽക്കുന്നത് വലിയ കാര്യമാണെന്നും അത്തരമൊരു അനുഭവം തന്റെ ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

‘ദൃശ്യം’ കണ്ടപ്പോൾ മറ്റു പ്രേക്ഷകരെപ്പോലെ താനും അത്ഭുതപ്പെട്ടുപോയെന്നും സിനിമ അവസാനിച്ചിട്ടും അതിന്റെ അനുഭവം മനസിൽനിന്ന് മായുന്നില്ലെന്നും പാർവതി പറഞ്ഞു. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ ആകാംക്ഷയോടെ സിനിമയിൽ പിടിച്ചിരുത്തുക എന്നത് എളുപ്പമല്ലെന്നും താരം കൂട്ടിച്ചേർത്തു.

‘ദൃശ്യം കണ്ടപ്പോൾ മറ്റുള്ളവരെപ്പോലെ ഞാനും ഞെട്ടിപ്പോയിരുന്നു. 13 വർഷങ്ങൾക്കിപ്പുറവും ആളുകൾ ആ സിനിമ തിയേറ്ററിൽ കണ്ട അനുഭവം ഓർത്തെടുക്കുന്നത് വലിയ കാര്യമാണ്. പ്രേക്ഷകരെ ഇത്രയധികം അത്ഭുതപ്പെടുത്തുകയും ആവേശത്തിലാക്കുകയും ചെയ്യുന്ന സിനിമകൾ ചെയ്യുന്നത് അപൂർവമാണ്.

നമ്മുടെ പ്രേക്ഷകർ വളരെ ബുദ്ധിയുള്ളവരാണ്. അവരെ തുടക്കം മുതൽ അവസാനം വരെ ആകാംക്ഷയോടെ പിടിച്ചിരുത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ക്ക് ലഭിക്കുന്ന പ്രതികരണം വലിയ അംഗീകാരമായാണ് കാണുന്നത്,’ പാർവതി പറഞ്ഞു.

അതേസമയം, ദൃശ്യവുമായി താരതമ്യം ചെയ്യുന്നതിനേക്കാൾ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ കൈകാര്യം ചെയ്യുന്ന കാര്യങ്ങളിലെ വ്യത്യസ്തതയാണ് തനിക്ക് സന്തോഷം നൽകുന്നതെന്നും താരം വ്യക്തമാക്കി. സിനിമയുടെ കേന്ദ്രത്തിൽ ഒരു സ്ത്രീയാണെന്നതും അലീന എന്ന കഥാപാത്രത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യയായി കൂടി കാണാൻ കഴിയുന്നതും പ്രധാനമാണെന്ന് പാർവതി പറയുന്നു.

‘താരതമ്യം ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായി പ്രശ്നമില്ല. എന്നാൽ ഈ സിനിമയ്ക്ക് കൂടുതൽ സൂക്ഷ്മമായ ചില തലങ്ങളുണ്ടെന്നതും കഥയുടെ കേന്ദ്രത്തിൽ ഒരു സ്ത്രീയാണെന്നതും എനിക്ക് ഇഷ്ടമാണ്. അലീനയെ വെറുമൊരു പൊലീസ് ഉദ്യോഗസ്ഥയായി മാത്രമല്ല കാണുന്നത്. ആ കഥാപാത്രത്തെ ഒരു മനുഷ്യയായി അവതരിപ്പിക്കാൻ ഷഹദ് മികച്ച രീതിയിൽ ശ്രമിച്ചിട്ടുണ്ട്,’ പാർവതി പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

‘ഉള്ളൊഴുക്ക്’ പോലുള്ള സിനിമകളിൽ ത്രില്ലർ ഘടകങ്ങളില്ലാതെയും കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും വൈകാരികമായ മുഹൂർത്തങ്ങളിലൂടെയും പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും പാർവതി വ്യക്തമാക്കി. എന്നാൽ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ പോലൊരു മുഴുനീള ത്രില്ലറിൽ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Actress Parvathy Thiruvothu openly stated that she has no issue with comparing the film Prathama Drushtya Kuttakkar to Drishyam