ഗംഭീര വിജയം സ്വന്തമാക്കാനുള്ള എല്ലാ പൊട്ടന്‍ഷ്യലുമുണ്ടായിട്ടും മോശം തിരക്കഥ കാരണം അര്‍ഹിച്ച വിജയം ലഭിക്കാതെ പോയ ചിത്രമെന്നാണ് പലരും ഖലീഫയെ വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് മാത്രം ബജറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ഖലീഫയെ നിലത്തുനിര്‍ത്താതെ ട്രോളുകയാണ് സിനിമാപേജുകള്‍.

ഇത്രയും ഫ്‌ളാറ്റായ സ്‌ക്രിപ്റ്റ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ പല സീനുകളും ഇതിനോടകം ട്രോള്‍ പേജുകളിലെ പ്രധാന ഇരയായി മാറി. ആക്ഷനും മേക്കിങ്ങും കൊണ്ട് ഒരുപരിധി വരെ ചിത്രത്തെ മെച്ചപ്പെടുത്താന്‍ സംവിധായകനും പൃഥ്വിരാജും ശ്രമിച്ചെങ്കിലും ജിനു എബ്രഹാമിന്റെ തിരക്കഥ ഖലീഫയെ പിന്നോടടിക്കുകയാണ്.

ചിത്രത്തെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി വലിയ ഹൈപ്പില്‍ കൊണ്ടുവന്ന കാമിയോകളും ട്രോളന്മാരുടെ ഇരയായി മാറി. ഖലീഫയില്‍ ആദ്യാവസാനം പലരും പൊക്കിപ്പറഞ്ഞ മാമ്പറക്കല്‍ അഹമ്മദ് അലി എന്ന ഗസ്റ്റ് റോളും ഒരു ഇംപാക്ടും ഉണ്ടാക്കാതെ പോയി. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റ് പലരിലും ചിരിയുണര്‍ത്തുകയാണ്.

ഇന്ദിരാ ഗാന്ധിക്ക് അരമണിക്കൂര്‍ പോലും കസ്റ്റഡിയില്‍ വെക്കാന്‍ പറ്റാത്ത അഹമ്മദ് അലി 24 വര്‍ഷത്തോളം നേപ്പാളിലെ ജയിലില്‍ കിടന്നത് വലിയ കോമഡിയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇത്രയും കാലം ജയിലില്‍ കിടന്ന അഹമ്മദ് അലി പുറത്തിറങ്ങുമ്പോള്‍ വലിയ ആരോഗ്യവാനായിട്ടാണ് കാണിക്കുന്നത്.

എന്നാല്‍ ആമിര്‍ അലിയുടെ ഫ്‌ളാഷ്ബാക്ക് സീനില്‍ അയാളുടെ അമ്മയുടെ പിതാവിനെ കാണിക്കുമ്പോള്‍ ആ കഥാപാത്രം വളരെ അവശനാണ്. കേരളത്തിലെ ഭക്ഷണരീതി ശരിയല്ലെന്ന സന്ദേശമാണ് ജിനു വി. എബ്രഹാം ഈ സീനിലൂടെ പറയാതെ പറഞ്ഞതെന്ന് പലരും പരിഹസിക്കുന്നു. ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ജയിലിലെ ശാപ്പാട് വേണമെന്നും കമന്റുകളുണ്ട്.

അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ വയസിനെക്കുറിച്ചും ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ആമിര്‍ അലി എന്ന കഥാപാത്രത്തിന് സിനിമയില്‍ 40 വയസിനടുത്ത് പ്രായമുള്ളതായി കാണിക്കുന്നുണ്ടെന്നും അങ്ങനെയുള്ള കഥാപാത്രത്തിന്റെ മുത്തശ്ശന് 85 വയസെങ്കിലും തോന്നിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മോഹന്‍ലാലിനെ കാണുമ്പോള്‍ ആ പ്രായം തോന്നിക്കുന്നില്ലെന്നും പോസ്റ്റുകളുണ്ട്. അടുത്ത കാലത്തൊന്നും ഖലീഫ എയറില്‍ നിന്ന് ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് ട്രോളന്മാരുടെ പ്രവചനം.

Content Highlight: Mohanlal’s cameo in Khalifa movie getting trolls after OTT release