വാഷിങ്ടണ്‍: ആഗോള സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി ഐ.എം.എഫ്. മധ്യേഷ്യയിലെ തുടരുന്ന യുദ്ധം, പണപ്പെരുപ്പത്തിനുള്ള സാധ്യത, സാമ്പത്തിക സാഹചര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാകാനുള്ള സാധ്യത, വിപണിയിലെ അസ്ഥിരത, സാമ്പത്തിക അസ്ഥിരതയിലേക്ക് നയിച്ചേക്കാവുന്ന വിവിധ ഘടകങ്ങള്‍ എന്നിവയെല്ലാം ആഗോള സാമ്പത്തിക വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഐ.എം.എഫ് പുറത്തിറക്കിയ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പറയുന്നു.

ആറ് മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതീക്ഷിച്ചതിലും കുറച്ചുമാത്രമേ ബാധിച്ചിട്ടുള്ളൂവെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്കിന് പകരമുള്ള മാര്‍ഗങ്ങളിലൂടെ എണ്ണ വിതരണം തിരിച്ചുവിട്ടതും തന്ത്രപ്രധാനമായ ഊര്‍ജശേഖരങ്ങളില്‍നിന്ന് എണ്ണ വിപണിയിലെത്തിച്ചതും അമേരിക്ക-ഇറാന്‍ യുദ്ധം എണ്ണവിലയില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതം നിയന്ത്രിക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി

എന്നാല്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുംതോറും, യുദ്ധത്തിന് മുന്‍പ് വളരെ അനുകൂലമായിരുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കൂടുതല്‍ കര്‍ശനവും പെട്ടെന്നുള്ളതുമായ മാറ്റങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യത വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിയന്തര എണ്ണശേഖരം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും പല രാജ്യങ്ങളിലെയും ഉയര്‍ന്ന കടബാധ്യതയും ബജറ്റ് കമ്മിയും ഭാവിയില്‍ വില വീണ്ടും കുതിച്ചുയര്‍ന്നാല്‍ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള സര്‍ക്കാരുകളുടെ ശേഷി പരിമിതപ്പെടുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കി.

‘ഊര്‍ജ വിപണിയിലെ ശേഖരം കുറഞ്ഞുവരികയാണ്. ഭൗമരാഷ്ട്രീയ രംഗത്തുണ്ടാകുന്ന പുതിയ ആഘാതങ്ങള്‍ വിലയിലൂടെയും വിതരണ തടസ്സങ്ങളിലൂടെയും അതിവേഗം പ്രതിഫലിച്ചേക്കാം’, റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ പ്രതിരോധശേഷി ഇപ്പോള്‍ അതിന്റെ പരിധിയിലെത്തുകയാണ്’,റിപ്പോര്‍ട്ട് അവതരിപ്പിക്കവെ ഐ.എം.എഫിന്റെ സാമ്പത്തിക ഉപദേഷ്ടാവ് സില്‍വാന ടെന്റെയ്‌റോ പറഞ്ഞു.

ആഗോള കടബാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ ചെലവുകള്‍ നിയന്ത്രിക്കണമെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയും യോഗത്തിന് മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഐ.എം.എഫ് നേരിയ തോതില്‍ ഉയര്‍ത്തി. ജൂലൈയിലെ 3 ശതമാനത്തില്‍നിന്ന് 3.1 ശതമാനമായാണ് പുതിയ പ്രവചനം. അടുത്ത വര്‍ഷത്തെ വളര്‍ച്ചാ പ്രവചനത്തില്‍ മാറ്റമില്ല; 3.4 ശതമാനം.

എന്നാല്‍, എണ്ണവില ദീര്‍ഘകാലം ഉയര്‍ന്നുനില്‍ക്കുന്നതും പലിശനിരക്കുകള്‍ വര്‍ധിക്കുന്നതും 2027ലെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കി. ‘ഉയര്‍ന്ന ഊര്‍ജവിലയും ദീര്‍ഘകാല പലിശനിരക്കുകളും ഉപഭോഗത്തെയും നിക്ഷേപത്തെയും ബാധിക്കുന്നതിനാല്‍’ വളര്‍ച്ച നേരിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന അപകടസാധ്യതകള്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ദിശയിലേക്കാണ് കൂടുതല്‍ ചായുന്നതെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച്, മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയോ കൂടുതല്‍ രൂക്ഷമാകുകയോ ചെയ്താല്‍ ഊര്‍ജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില ഉയരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

‘ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്കുനേരെയുള്ള കൂടുതല്‍ ആക്രമണങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ എന്നിവ ഈ പ്രത്യാഘാതങ്ങള്‍ വര്‍ധിപ്പിച്ചേക്കാം,’ ഐ.എം.എഫ് കൂട്ടിച്ചേര്‍ത്തു.

സമാധാന ധാരണയ്ക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന്റെ വ്യക്തമായ സൂചനകളില്ലാത്ത സാഹചര്യത്തിലും, വരും ആഴ്ചകളില്‍ ഇറാനെതിരെ വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

എണ്ണവില ഉയര്‍ന്നുതന്നെ തുടരുന്നതിനാല്‍ പണപ്പെരുപ്പത്തിലുണ്ടായ കുതിച്ചുചാട്ടം നേരത്തേ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ഊര്‍ജ വിപണിയിലെ പുതിയ പ്രതിസന്ധികള്‍ക്കുപുറമെ, കൃത്രിമബുദ്ധി (എ.ഐ) മേഖലയുമായി ബന്ധപ്പെട്ട വിപണിത്തകര്‍ച്ച ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാകാനുള്ള സാധ്യതയും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ സാമ്പത്തിക ഉണര്‍വിന്റെ സ്രോതസായി എ.ഐ മാറിക്കൊണ്ടിരിക്കുമ്പോഴും അത് പല അപകടസാധ്യതകളും ഉയര്‍ത്തുന്നുണ്ടെന്ന് ഐ.എം.എഫ് പറഞ്ഞു.

‘ഗുരുതരമായ സൈബര്‍ ആക്രമണങ്ങള്‍ വിപണിയിലുള്ള വിശ്വാസം തകര്‍ക്കാനും, സാമ്പത്തിക വിപണിയുടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്താനും ഇടയാക്കിയേക്കാം,’ സംഘടന പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരായ സൈബര്‍ ഭീഷണികള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകളില്‍ അ ധികമറിയാത്തതും അജ്ഞാതമായതുമായവ ഉള്‍പ്പെടുന്നുണ്ടെന്ന് ഐ.എം.എഫിന്റെ മോണിട്ടറി ആന്റ് മാര്‍ക്കറ്റ്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അത്തനാസിയോസ് വാംവാകിഡിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content  Highlight: IMF warns global economy ‘could soon test the limits of resilience