ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് സോണിയ. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സോണിയ ശ്രദ്ധിക്കപ്പെട്ടത് മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ്. മികച്ച ബാലതാരത്തിനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സോണിയയെ തേടിയെത്തിയിട്ടുണ്ട്. ഇന്ന് പല പ്രേക്ഷകര്‍ക്കും സോണിയ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന കഥാപാത്രം തേന്മാവിന്‍ കൊമ്പത്തിലെ കുയിലിയാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം തേന്മാവിന്‍ കൊമ്പത്ത് റീ റിലീസ് ചെയ്യുമ്പോള്‍ കുയിലിയും ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിന്റെ മാണിക്യന്‍, നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണന്‍, ശോഭനയുടെ കാര്‍ത്തുമ്പി എന്നിവര്‍ക്കൊപ്പം കുയിലി എന്ന പേരും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സോണിയ ബോസ്.

പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് താന്‍ തേന്മാവിന്‍ കൊമ്പത്തില്‍ അഭിനയിച്ചതെന്ന് സോണിയ പറഞ്ഞു. മോഹന്‍ലാലിനെ അടുത്ത് കാണാനാകുമെന്ന ഒറ്റക്കാരണം കൊണ്ടാണ് താന്‍ ആ ചിത്രം കമ്മിറ്റ് ചെയ്തതെന്നും എന്നാല്‍ മോഹന്‍ലാലുമായി അധികം സംസാരിക്കാന്‍ സാധിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു സോണിയ.

‘ലാലേട്ടനെ അടുത്ത് കാണാം, സംസാരിക്കാം എന്നൊക്കെ വിചാരിച്ചാണ് സെറ്റില്‍ പോയത്. പക്ഷേ പുള്ളിയുടെ അടുത്ത് അധികം കമ്പനിയാകാന്‍ പറ്റിയില്ല. ഷൂട്ട് കഴിഞ്ഞ് നേരെ റൂമിലെത്തി പഠിക്കും. അതായിരുന്നു അന്നത്തെ പതിവ്. കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരുമായും കമ്പനിയായി. ലാല്‍ സാറിനോട് മിണ്ടാനൊക്കെ സാധിച്ചു.

ഷൂട്ടിനിടെ നടന്ന ഒരു സംഭവമുണ്ട്. അത് ഞാന്‍ പല സ്ഥലത്തും പറഞ്ഞതാ, ലാലേട്ടനും വേണുവങ്കിളും ഞാനും ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും എന്തോ പറഞ്ഞ് ചിരിച്ചു. സ്വാഭാവികമായും എന്താണെന്നറിയാന്‍ നമ്മള്‍ക്കും ആഗ്രഹമുണ്ടാകുമല്ലോ. ‘എന്താ ലാലേട്ടാ കാര്യം’ എന്ന് ചോദിച്ചപ്പോള്‍ ‘വലിയവര്‍ പറയുന്നതെല്ലാം നിനക്കറിയണോ’ എന്ന് പുള്ളി ചോദിച്ചു. പിന്നെ ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. സൈലന്റായി നിന്നു,’ സോണിയ പറഞ്ഞു.

സെറ്റിലെ എല്ലാവരും തന്നെ കുട്ടിയെപ്പോലെയാണ് ട്രീറ്റ് ചെയ്തതെന്നും താരം പറയുന്നു. ശോഭന, മോഹന്‍ലാല്‍, നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച് ഇരുന്ന് തമാശ പറയുമായിരുന്നെന്നും ആ കൂട്ടത്തില്‍ തന്നെ കൂട്ടാറില്ലായിരുന്നെന്നും സോണിയ പറഞ്ഞു. നല്ല ഓര്‍മകളാണ് തേന്മാവിന്‍ കൊമ്പത്ത് സമ്മാനിച്ചതെന്നും താരം പറയുന്നു.

Content Highlight: Sonia shares the shooting experience of Thenmavin Kombathu movie