മൂന്ന് ദിവസങ്ങള്‍ കൂടെ കഴിഞ്ഞ് ഒക്ടോബര്‍ 15നുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാലോകം ഒട്ടാകെ. 2023ല്‍ പുറത്തിറങ്ങിയ നെല്‍സണ്‍ ചിത്രം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തമിഴ് ആരാധകരെക്കാള്‍ സന്തോഷിച്ചത് മലയാള സിനിമാ പ്രേമികളായിരുന്നു. തങ്ങളുടെ ഇഷ്ടതാരം മോഹന്‍ലാലിനെ മാത്യു എന്ന കഥാപാത്രമായി കാണാനുള്ള ആവേശമായിരുന്നു ഇതിന് കാരണം.

ജയിലര്‍ 2. Photo: District
ഇതോടെ ഒരു തമിഴ് ചിത്രമായിരുന്നിട്ട് കൂടി രണ്ടാം ഭാഗത്തിന് വന്‍ ഹൈപ്പാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചതോടെ വലിയ തരംഗമായിരുന്നു ബുക്ക് മൈ ഷോയില്‍ കണ്ടത്. അഞ്ച് മിനുട്ടില്‍ താഴെ മാത്രമായിരിക്കും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നറിഞ്ഞിട്ടും കേരളത്തില്‍ വന്‍ ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. ആറ് മണി മുതല്‍ തന്നെ ആരംഭിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷോ ടിക്കറ്റുകളെല്ലാം ഇതിനോടകം സോള്‍ഡ് ഔട്ടായിരിക്കുകയാണ്.
ജയിലര്‍ 2വിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ട സണ്‍ ടി.വിയുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സും സമാനമായി മോഹന്‍ലാല്‍ ആരാധകര്‍ കൈയടിക്കിയിരുന്നു. ജയിലര്‍ 2വിന്റെ പ്രധാന ഹൈപ്പ് ഫാക്ടര്‍ മോഹന്‍ലാലാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പല തമിഴ് സിനിമാ പേജുകളും. ജയിലര്‍ 2വിന്റെ ക്രെഡിറ്റ് മോഹന്‍ലാല്‍ തട്ടിയെടുക്കുന്നു എന്നാണ് ഇക്കൂട്ടരുടെ വാദം. ഇതിനായി മോഹന്‍ലാല്‍ കാമിയോ റോളിലെത്തിയ പല ചിത്രങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
മോഹന്‍ലാല്‍ കാരണമാണ് ചിത്രത്തിന് ഹൈപ്പ് ലഭിക്കുന്നതെങ്കില്‍ താരം കാമിയോ റോളിലെത്തിയ ഖലീഫ, തുടക്കം, ഹൈവാന്‍ എന്നീ ചിത്രങ്ങള്‍ക്കൊന്നും തന്നെ ജയിലര്‍ 2വിനെ പോലെ ഒരു ഓപ്പണിങ് എന്തുകൊണ്ട് കിട്ടിയില്ലെന്നാണ് ഇവരുടെ ചോദ്യം. മോഹന്‍ലാലിന്റെ മറ്റൊരു അന്യഭാഷ ചിത്രമായ വൃഷഭ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞതിനെ കുറിച്ചും ചിലര്‍ ചോദ്യം ചെയ്യുന്നു.

ജയിലര്‍ 2. Photo: District
താരത്തിന്റെ സമീപകാലത്തെ ഏറ്റവും മോശം കളക്ഷനായ എലോണും തമിഴ് സിനിമാപേജുകള്‍ ചൂണ്ടികാണിക്കുന്നു. ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഒരു കോടി പോലും തികയ്ക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. രജിനികാന്തിന് കേരളത്തിലും പുറത്തും വലിയ ഫാന്‍ബേസുണ്ടെന്നും അദ്ദേഹത്തിന്റെ ചിത്രത്തിന് കിട്ടുന്ന സ്വീകാര്യതയക്ക് മറ്റൊരാള്‍ ക്രെഡിറ്റ് എടുക്കേണ്ടതില്ലെന്നുമാണ് കോളിവുഡ് സിനിമാ പേജുകളുടെ വാദം.
Content Highlight: Tamil cinema pages against Mohanlal fans for giving all hype credits for Mohanlal
