ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജന്തര്‍ മന്തറിന് പകരം പ്രതിഷേധങ്ങള്‍ നടത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച വേദികളിലൊന്നായ രാം ലീല മൈതാനം ഉപയോഗിക്കാന്‍ വലിയ സാമ്പത്തിക ചെലവ് വേണ്ടിവരുമെന്ന് കണക്കുകള്‍. നിലവില്‍ രാം ലീല മൈതാനം ഏതാണ്ട് മൂന്ന് മാസത്തേക്ക് ബുക്കിങ്ങിന് ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനം വരെ മൈതാനം പ്രതിഷേധ പരിപാടികള്‍ക്കായി വിട്ടുകിട്ടാന്‍ സാധ്യത കുറവാണെന്ന് മൈതാനം നടത്തിപ്പുകാരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജന്തര്‍ മന്തര്‍ പ്രതിഷേധ വേദി അല്ലെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദല്‍ഹി പൊലീസ് ഇന്നലെ (ഒക്ടോബര്‍ 12, തിങ്കള്‍) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പകരം രാംലീല മൈതാനം അടക്കം മൂന്ന് വേദികള്‍ പ്രതിഷേധ സ്ഥലങ്ങളായി ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഈ വേദികളിലൊന്നാണ് രാംലീല മൈതാനം.

12 ഏക്കറിലുള്ള രാം ലീല മൈതാനത്ത് പരമാവധി 50,000 പേരെ വരെ ഉള്‍ക്കൊള്ളുന്ന പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കാന്‍ പറ്റുക. മൈതാനത്തിന്റെ ഒരു ചെറിയ ഭാഗം നിലവില്‍ സൗജന്യമായി വിവിധ പരിപാടികള്‍ക്ക് വിട്ടുകൊടുക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗത്ത് പരമാവധി 150 പേര്‍ വരെ പങ്കെടുക്കുന്ന പരിപാടികള്‍ മാത്രമാണ് സംഘടിപ്പിക്കാന്‍ കഴിയുക. അതില്‍ കൂടുതലാണ് പങ്കെടുക്കുന്നവരുടെ എണ്ണമെങ്കില്‍ പ്രതിദിനം 50,000 രൂപ ഫീസും 55,000 രൂപ സെക്യൂരിറ്റി ഡെപോസിറ്റും നികുതിയും നല്‍കേണ്ടി വരും.

‘മൈതാനത്തിന്റെ ബുക്കിങ് നിരക്ക് ഒരു ദിവസത്തേക്ക് 50,000 രൂപയാണ്. കൂടാതെ തിരികെ ലഭിക്കുന്ന 55,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. നികുതികള്‍ ഉള്‍പ്പെടെ ഒരു ദിവസത്തെ ബുക്കിംഗിന് ആകെ 1.21 ലക്ഷം രൂപ ചെലവ് വരും,’ എന്ന് രാംലീല മൈതാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദല്‍ഹി മുനിസിപ്പള്‍ കോര്‍പറേഷന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് വഴിയാണ് ഈ മൈതാനം ബുക്ക് ചെയ്യാനാവുക. ബുക്ക് ചെയ്യാന്‍ അപേക്ഷ ലഭിച്ചാലും ദല്‍ഹി പൊലീസില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിച്ചാല്‍ മാത്രമെ മൈതാനം കോര്‍പറേഷന്‍ വിട്ടുകൊടുക്കുകയുള്ളൂ.

മൈതാനം ബുക്കിങ് ഈ വര്‍ഷം അവസാനം വരെ ഒഴിവില്ലെന്ന് കോര്‍പറേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വര്‍ഷം ഇനി ഡിസംബര്‍ 29, 30, 31 തീയതികളില്‍ മാത്രമേ ഒഴിവുള്ളൂ. അതിന് മുമ്പുള്ള ഒരു ദിവസത്തേക്കും മൈതാനം ബുക്ക് ചെയ്യാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി.

രാം ലീല മൈതാനത്തിന് പുറമെ ബുരാരി ഗ്രൗണ്ട്, കിഴക്കന്‍ ദല്‍ഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് ജന്തര്‍ മന്തറിന് പകരം പ്രതിഷേധ സ്ഥലങ്ങളായി ദല്‍ഹി പൊലീസ് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ജന്തര്‍ മന്തര്‍. പാര്‍ലമെന്റില്‍ നിന്നും ആറ് കിലോമീറ്ററും ജന്തര്‍ മന്തറില്‍ നിന്ന് മൂന്ന് കിലോമീറ്ററും അകലെയാണ് രാം ലീല മൈതാനം. എന്നാല്‍ കിഴക്കന്‍ ദല്‍ഹിയിലുള്ള സി.ബി.ഡി ഗ്രൗണ്ടിലേക്ക് പാര്‍ലമെന്റില്‍ നിന്ന് 13 കീലോമീറ്ററും മോഡല്‍ ടൗണിലുള്ള ബുരാരി മൈതാനത്തേക്ക് 22 കിലോമീറ്ററും ദൂരമുണ്ട്.

രാം ലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള വിശദമായ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ പ്രത്യേകം പുറപ്പെടുവിപ്പിക്കുമെന്നും ദല്‍ഹി പൊലീസ് ഉത്തരവില്‍ പറഞ്ഞിരുന്നു. രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ജന്തര്‍ മന്തറില്‍ പ്രതിഷേധങ്ങള്‍ പ്രഖ്യാപിച്ച സമയത്താണ് പൊലീസിന്റെ ഉത്തരവ് പുറത്ത് വന്നത്. ഈ വര്‍ഷം ജൂണില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രവും ജന്തര്‍ മന്തര്‍ ആയിരുന്നു.

Content Highlight: Ramlila Maidan comes at a price, free part holds only 150 people