റിലീസിന് മുമ്പ് സമ്മാനിച്ച ഹൈപ്പിനോട് നീതി പുലര്‍ത്താത്ത സിനിമകളിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ച ഖലീഫയെ ട്രോളന്മാര്‍ ഇതുവരെ നിലത്ത് നിര്‍ത്തിയിട്ടില്ല.

റിലീസിന് മുമ്പ് ഹൈപ്പ് ഉയര്‍ത്താനും രണ്ടാം ഭാഗത്തിലേക്ക് ലീഡ് നല്‍കാനും ചില കാമിയോകള്‍ ഖലീഫയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിന്റെ മോഹന്‍ലാല്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷം ഖലീഫയില്‍ ചെയ്തതായിരുന്നു ഹൈപ്പ് ഉയര്‍ത്തിയ പ്രധാന ഘടകം. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഏറ്റവുമധികം ട്രോളുകള്‍ ലഭിക്കുന്നത് മോഹന്‍ലാലിന്റെ സീനിനാണ്. പൃഥ്വിരാജ് അവതരിപ്പിച്ച ആമിര്‍ അലി എന്ന കഥാപാത്രത്തിന്റെ മുത്തശ്ശനായാണ് മോഹന്‍ലാല്‍ വേഷമിട്ടത്.

24 വര്‍ഷത്തോളം നേപ്പാളിലെ ജയിലില്‍ കഴിഞ്ഞ ഒരു വലിയ ഡോണാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച മാമ്പറക്കല്‍ അഹമ്മദ് അലി. ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. അഹമ്മദ് അലിയുടെ ഇന്‍ട്രോ സീന്‍ ലൂസിഫര്‍ ക്ലൈമാക്‌സിന്റെ കോപ്പിയാണെന്ന് അഭിപ്രായപ്പെടുകയാണ് ട്രോളന്മാര്‍.

മഞ്ഞുമൂടിയ ഒരു പ്രദേശത്തുകൂടെ തന്റെ അംഗരക്ഷകര്‍ക്കൊപ്പം ജാക്കറ്റും ധരിച്ച് സ്ലോ മോഷനില്‍ നടന്നുവരുന്ന മോഹന്‍ലാല്‍ എന്ന ലൂസിഫറിലെ ടെയ്ല്‍ എന്‍ഡിനെ അതേപടി ഖലീഫയിലേക്ക് കോപ്പിയടിച്ച് വെച്ചിരിക്കുകയാണ്. ഈച്ചക്കോപ്പി എന്ന് പറയാതിരിക്കാന്‍ റഷ്യയെ നേപ്പാളാക്കിയും ഹെലികോപ്റ്ററിന് പകരം ജയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച് സ്ലോ മോഷനില്‍ നടന്നുവരുമ്പോള്‍ ‘അതുതാനല്ലയോ ഇത്’ എന്ന് തോന്നിയാല്‍ ആരെയും തെറ്റ് പറയാനാകില്ല. രണ്ട് സീനുകളുടെയും സ്‌ക്രീന്‍ഷോട്ട് വെച്ച് അഞ്ച് വ്യത്യാസം കണ്ടുപിടിക്കാന്‍ പറഞ്ഞാല്‍ പലരും പാടുപെടും. മോഹന്‍ലാലിന്റെ വയസായ ഗെറ്റപ്പ്, സൗബിന്റെ സാന്നിധ്യം എന്നിവ മാറ്റിനിര്‍ത്തിയാല്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് തന്നെ പറയാം.

അറിയാത്ത ഭാഷയിലെ സീനുകള്‍ കോപ്പിയടിച്ചാല്‍ പോലും ഓണ്‍ലൈന്‍ സിനിമാപേജുകള്‍ കൃത്യമായി കണ്ടുപിടിക്കുന്ന ഇന്നത്തെ കാലത്ത് മലയാളത്തിലെ ഹിറ്റ് സിനിമയിലെ സീന്‍ അതേ നടന്മാരെ വെച്ച് കോപ്പി ചെയ്യാന്‍ സംവിധായകന്‍ വൈശാഖ് കാണിച്ച ധൈര്യം ചെറുതല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. അടുത്ത കാലത്തൊന്നും ഖലീഫ എയറില്‍ നിന്ന് ഇറങ്ങില്ലെന്ന് ഉറപ്പാണ്.

Content Highlight: Khalifa tale end scene copied from Lucifer movie