വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നൽകാത്ത ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്. സൂര്യവംശിയുടെ ആത്മവിശ്വാസം മുഴുവൻ ഇന്ത്യ തകർത്തുവെന്നാണ് ശ്രീകാന്ത് പറഞ്ഞത്.

അഭിഷേക് ശർമയ്ക്ക് വിശ്രമം നൽകി അടുത്ത മത്സരത്തിൽ വിശ്രമം സഞ്ജു സാംസണും സൂര്യവംശിയും ഓപ്പണർമാരായി ഇറങ്ങണമെന്നും ശ്രീകാന്ത് നിർദേശം നൽകി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ.

‘ഇന്ത്യ സൂര്യവംശിയുടെ ആത്മവിശ്വാസം പൂർണമായും തകർത്തു. വെസ്റ്റ് ഇൻഡീസ് പോലുള്ള ഒരു സാധാരണ ടീമിനെതിരെ അദ്ദേഹത്തിന് മൂന്ന് മത്സരങ്ങളിൽ എങ്കിലും അവസരം നൽകാമായിരുന്നു. ഇത്രയും ദിവസം അഭിഷേകിനെ നമ്മൾ കണ്ടതല്ലേ. ഇനി അദ്ദേഹത്തിന് വിശ്രമം നൽകാം. അടുത്ത മത്സരത്തിൽ സൂര്യവംശിയും സാംസണും ഓപ്പണർമാരായി ഇറങ്ങട്ടെ,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ജൂലൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു വൈഭവ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നീട് സിംബാബ്‌വേക്കെതിരെ നടന്ന പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് കൈപ്പിടിയിലാക്കിയതും 15കാരൻ ആയിരുന്നു.

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറി അടക്കം 151 റൺസാണ് വൈഭവിന്റെ ബാറ്റിൽ നിന്നും പിറന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലുമാണ് 15കാരൻ ഫിഫ്റ്റി നേടിയത്.

19 പന്തുകളിൽ നിന്നും 50 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അവസാന മത്സരത്തിൽ 49 പന്തിൽ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റൺസാണ് വൈഭവ് അടിച്ചെടുത്തത്.

ഇന്ത്യൻ ടീമിലെത്തി രണ്ടാം പരമ്പരയിൽ തന്നെ പ്രതിഭ തെളിയിച്ചിട്ടും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിൻഡീസ് പരമ്പരയിൽ താരത്തിന് ബെഞ്ചിലായിരുന്നു സ്ഥാനം. അഭിഷേക് ശർമയും സഞ്ജു സാംസണും തന്നെയാണ് ടീമിന്റെ ഓപ്പണർമാനായി കളത്തിൽ ഇറങ്ങുന്നത്.

അതേസമയം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ നാലാം മത്സരം നാളെയാണ് നടക്കുന്നത്. നിലവിൽ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് മുമ്പിലാണ്. ഹൈദരാബാദിൽ നടക്കുന്ന നാലാം മത്സരം വിജയിക്കാൻ സാധിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാൻ സാധിക്കും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാൻ വിൻഡീസിനും വിജയം അനിവാര്യമാണ്.

 

Content Highlight: Kris Srikanth talks about Vaibhav Suryavanshi