ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സൂര്യയുടെ കങ്കുവാ. അണ്ണാത്തെക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. സിനിമയുടെ ഓരോ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായിരുന്നു.

ഇപ്പോഴിതാ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ബോബി ഡിയോളിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കരുണയില്ലാത്ത, ശക്തനായ, അവിസ്മരണീയമായ ഉധിരന് പിറന്നാളാശംസകള്‍ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അനിമല്‍ എന്ന ചിത്രത്തിലെ അബ്രാറിന് ശേഷം ബോബി ചെയ്യുന്ന വില്ലന്‍ വേഷം കൂടിയാണ് കങ്കുവയിലെ ഉധിരന്‍. ബോബിയുടെ ആദ്യ തമിഴ് സിനിമയാണിത്.

സൂരറൈ പോട്ര് എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ സിനിമയാണ് കങ്കുവാ. ചിത്രത്തില്‍ സൂര്യയുടെ ഫസ്റ്റ് ലുക്കും സിനിമാലോകം ചര്‍ച്ച ചെയ്തിരുന്നു. ബോളിവുഡ് താരം ദിശാ പട്ടാനിയാണ് സിനിമയിലെ നായിക. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങി 10 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ത്രീഡിയിലാണ് സിനിമയുടെ ചിത്രീകരണം.

സ്റ്റുഡിയോ ഗ്രീന്‍, യു.വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 2024 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നങ്കെിലും പിന്നീട് റിലീസ് മാറ്റി വെച്ചു. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Content Highlight: Kanguva Bobby Deol birthday special poster released