സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ വരെ ദേവഗൗഡ എതിര്‍ക്കില്ല; ഇതാണ് കാരണം
Karnataka crisis
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ വരെ ദേവഗൗഡ എതിര്‍ക്കില്ല; ഇതാണ് കാരണം
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 11:43 am

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സര്‍ക്കാര്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളെ അവസാനിപ്പിക്കാം എന്നൊരു ആലോചന വന്നാല്‍ ജനതാദള്‍ എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ എതിര്‍ക്കില്ല. ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യയോട് ദേവഗൗഡക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവണമെന്ന നിലപാടാണ് ദേവഗൗഡ സ്വീകരിക്കുന്നത്. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ രണ്ട് വഴികളാണ് ദേവഗൗഡ മുന്നോട്ട് വെച്ചത്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പ്രശ്‌നം പരിഹരിക്കുമെങ്കില്‍ അത്, അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെയും ജനതാദള്‍ എസിന്റെയും എല്ലാ എം.എല്‍.എമാരും രാജിവെക്കുക എന്നതാണ് ദേവഗൗഡ മുന്നോട്ട് വെച്ച മാര്‍ഗങ്ങള്‍.

ബെംഗളൂരുവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിനോടാണ് ദേവഗൗഡ തന്റെ നിലപാട് അറിയിച്ചത്. ഈ വര്‍ഷം നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും കര്‍ണാടക സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നാണ് ദേവഗൗഡ ആവശ്യപ്പെട്ടത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തിരിച്ചെത്താനുള്ള സാഹചര്യമാണെങ്കില്‍ താന്‍ എതിര്‍ക്കില്ലെന്നും തന്റെ അനുയായികളായ എം.എല്‍.എമാരോട് രാജി പിന്‍വലിക്കാന്‍ സിദ്ധരാമയ്യയോട് ആവശ്യപ്പെടാനും ഗുലാം നബി ആസാദിനോട് ദേവഗൗഡ പറഞ്ഞു.

മറ്റൊരു വഴി കൂടി ദേവഗൗഡ ഗുലാം നബി ആസാദിന് മുമ്പില്‍ വെച്ചു. നിലവില്‍ രാജി സമര്‍പ്പിച്ചിരിക്കുന്ന എല്ലാ എം.എല്‍.എമാരുടേയും രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്, ജനതാദള്‍ എസ് എം.എല്‍.എമാര്‍ ഒരുമിച്ച് രാജിവെക്കുക എന്നതാണ് ആ വഴി. അതോടെ നിയമസഭയില്‍ 108 എം.എല്‍എമാര്‍ മാത്രമാവും. നിയമസഭയുടെ ആകെ അംഗങ്ങളുടെ പകുതിയില്‍ താഴെ അംഗങ്ങള്‍ മാത്രം. ഇങ്ങനെ വന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ ആവും. ഗവര്‍ണര്‍ക്ക് സഭ പിരിച്ചു വിട്ട് പ്രസിഡണ്ട് ഭരണം പ്രഖ്യാപിക്കേണ്ടി വരും. ഇതായിരുന്നു ദേവഗൗഡ കണ്ട മറ്റൊരു വഴി. എന്നാല്‍ ഈ വഴി അത്ര എളുപ്പമാവില്ല നടപ്പിലാക്കിയെടുക്കാന്‍.

ബി.ജെ.പിക്ക് നിലവില്‍ തന്നെ 107 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇനി ആറ് പേരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ സഭ നിലനില്‍ക്കും. എം.എല്‍.എ സ്ഥാനം നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത പല എം.എല്‍.എമാരും ഭരണപക്ഷത്ത് തന്നെയുണ്ട്. അത് കൊണ്ട് ആറ് പേരുടെ പിന്തുണ നേടിയെടുക്കല്‍ ബി.ജെ.പിക്ക് അത്ര വിഷമമാവില്ല. സര്‍ക്കാരിനെ പിന്തുണക്കുന്ന ഏക ബി.എസ്.പി അംഗം പോലും രാജിവെക്കാന്‍ സാധ്യതയില്ല.

ഈയൊരു സാഹചര്യത്തില്‍ മറ്റ് എം.എല്‍.എമാര്‍ രാജിവെക്കുകയും തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്താല്‍ വിജയിച്ചു വരിക അത്ര എളുപ്പം ആയിരിക്കില്ല എന്നതിനാല്‍ ഈ വഴി ഉപേക്ഷിച്ച മട്ടാണ്.

സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കുന്ന വഴികളൊന്നും ഫലം കണ്ടില്ലെങ്കില്‍ ബി.ജെ.പി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് വരെ കാത്തിരിക്കാനോ അല്ലെങ്കില്‍ സഭയില്‍ വെള്ളിയാഴ്ച ധനകാര്യ ബില്‍ അവതരിപ്പിച്ചതിന് ശേഷം രാജിവെക്കാനോ ആണ് കുമാരസ്വാമിയും ജനതാദള്‍ എസും ഇപ്പോള്‍ ആലോചിക്കുന്നത്.