ന്യൂദല്‍ഹി: എസ്.ഐ.ആറില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ബംഗ്ലാദേശിലേക്ക് നാടു കടത്തപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിനിയെ തിരികെ നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ട് മകന്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ബംഗ്ലാദേശിലേക്ക് നാട് കടത്തിയ സാഹിദ ഫക്കീര്‍ എന്ന സ്ത്രീയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച
പരിഗണിച്ചത്.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഗോവിന്ദാപൂര്‍ സ്വദേശിയാണ് സാഹിദ. അവരുടെ മുത്തച്ഛന്റെ പേര് 1952-ലെ വോട്ടര്‍ പട്ടികയിലും മാതാപിതാക്കളുടെ പേര് 2002-ലെ പട്ടികയിലും ഉണ്ടെന്ന് മകന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സാഹിദയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നെന്ന് അവരുടെ മകന്‍ പറയുന്നു. നൂറിലധികം മണിക്കൂറാണ് അവരെ തടഞ്ഞുവെച്ചത്. പിന്നീട് അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) ബംഗ്ലാദേശിലേക്ക് കടത്തുകയുമായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
ഏകദേശം 20 വര്‍ഷം മുമ്പ് ഭര്‍ത്താവിനൊപ്പം ജോലി തേടി മുംബൈയിലേക്ക് പോയ സാഹിദ അവിടെ വീടുകളില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വര്‍ഷം ജൂലൈ 19ന്, പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടുകൊണ്ട് സിവില്‍ വേഷം ധരിച്ചെത്തിയവര്‍ അവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചെമ്പൂരിലെ ഒരു ഹോള്‍ഡിംഗ് സെന്ററിലേക്ക് കൊണ്ടുപോകുകയും രസീത് നല്‍കാതെ അവരുടെ ആധാര്‍ കാര്‍ഡും ഫോണും പിടിച്ചെടുക്കുകയും ചെയ്‌തെന്നും ഹരജിയില്‍ പറയുന്നതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് ദിവസത്തിന് ശേഷമാണ് അവരെ ബി.എസ്.എഫിന് കൈമാറിയത്. പിന്നീട് വടക്കുകിഴക്കന്‍ മേഖലയിലേക്ക് വിമാനമാര്‍ഗ്ഗം കൊണ്ടുപോയി. രാത്രി വൈകി മറ്റ് 20 തടവുകാര്‍ക്കൊപ്പം അതിര്‍ത്തി കടത്തി ബംഗ്ലാദേശിലേക്ക് അയക്കുകയും ചെയ്തു. തന്റെ മാതാവ് അവിടെ ഒരു താത്കാലിക അഭയകേന്ദ്രത്തില്‍ കഴിയുകയാണെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.
തന്റെ മാതാവിന്റെ പൗരത്വത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുകയോ, രേഖകള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. മാതാവിനെതിരായ ആരോപണത്തെക്കുറിച്ച് അവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നില്ല. മാതാവിന്റെ പൗരത്വം സംബന്ധിച്ച നിയമപരമായ പരിശോധനയോ കോണ്‍സുലാര്‍ പരിശോധനയോ നടന്നില്ല. ബംഗ്ലാദേശ് പൗരത്വമെന്ന ആരോപണത്തെ എതിര്‍ക്കാനുള്ള അവസരം അവര്‍ക്ക് നല്‍കിയില്ലെന്നും ഹരജിയില്‍ പറയുന്നു.
അടുത്തിടെ അസമില്‍ നിന്ന് ഒരു യുവതിയെ നാട് കടത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിഴ നല്‍കണമെന്ന് ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അസമില്‍ ഫോറിനേഴ്സ് ട്രൈബ്യൂണല്‍ ‘വിദേശി’യായി പ്രഖ്യാപിച്ച മുസ്ലിം യുവതിയെ അപ്പീല്‍ പോകാന്‍ പോലും അവസരം നല്‍കാതെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സംഭവത്തില്‍ അസം സര്‍ക്കാര്‍ പിഴയടക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി ഈ മാസം മൂന്നിന് ഉത്തരവിട്ടത്.
ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫുകാന്‍ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ബംഗ്ലാദേശിലേക്ക് പുറത്താക്കപ്പെട്ട മുംതാസ് ബീഗം എന്ന യുവതിയുടെ ഭര്‍ത്താവ് മുജമ്മല്‍ ഹോക്ക് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു നടുപടി.
നാഗാവോണിലെ ഫോറിനേഴ്സ് ട്രൈബ്യൂണലായിരുന്നു ബീഗത്തെ പുറത്താക്കാന്‍ ഉത്തരവിട്ടത്. ബീഗത്തിന്റെ കേസ് ട്രൈബ്യൂണല്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ട്രൈബ്യൂണല്‍ നിയമം ദുരുപയോഗം ചെയ്തതിന്റെ സൂചന രേഖകളില്‍ വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
പൗരത്വം തെളിയിക്കാന്‍ ബീഗം സമര്‍പിച്ച തെളിവുകള്‍ പരിഗണിക്കുന്നതില്‍ പോലും ട്രൈബ്യൂണല്‍ വീഴ്ച വരുത്തി. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബീഗത്തെ തടഞ്ഞെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Content Highlight: West Bengal woman deported to Bangladesh after SIR deletion; son moves Supreme Court
