13 മാസങ്ങള്‍ക്കു മുന്‍പ് കര്‍ണാടകത്തില്‍ ഒരു സര്‍ക്കാരുണ്ടാക്കിയത് ഈ മനുഷ്യനായിരുന്നു. ആ സര്‍ക്കാരിനെ നിലനിര്‍ത്താനായി ഒരുവര്‍ഷത്തിനിപ്പുറം ഡി.കെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസുകാരനു വീണ്ടും കളിക്കളത്തില്‍ ഇറങ്ങേണ്ടിവരുന്നു, അല്ലെങ്കില്‍ അദ്ദേഹത്തെത്തന്നെ കോണ്‍ഗ്രസിനു വീണ്ടും ആശ്രയിക്കേണ്ടിവരുന്നു.

അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളുണ്ടാകുമ്പോഴാണ് ഡി.കെ എന്ന ഡി.കെ ശിവകുമാറിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുന്നത്. ഇപ്പോള്‍ 13 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ വരവ്. ആ വരവിന്റെ ഫലമറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ആദ്യം രാജികൊടുക്കാന്‍ പോയ മൂന്ന് എം.എല്‍.എമാരെ സ്പീക്കറുടെ ഓഫീസില്‍ നിന്ന് കൈയില്‍ പിടിച്ച് തിരികെക്കൊണ്ടുപോയതുമുതല്‍ ‘ഡി.കെ എഫക്ട്’ വര്‍ക്ക് ഔട്ട് ചെയ്തുതുടങ്ങിയിരുന്നു. ഡി.കെ മുംബൈയിലേക്കു വിമാനം കയറാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ത്തന്നെ മുംബൈയിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന വിമത എം.എല്‍.എമാരെ ഗോവയിലേക്കു മാറ്റാന്‍ ബി.ജെ.പി ശ്രമിച്ചു.

ഡി.കെയുടെ ശ്രമങ്ങളുടെ ബാക്കിപത്രം കണ്ടത് ഇന്നാണ്. വിമത എം.എല്‍.എമാരുടെ അയോഗ്യതയുടെയും രാജിയുടെയും കാര്യത്തില്‍ തീരുമാനമെടുക്കരുതെന്ന് കര്‍ണാടക സ്പീക്കറോട് സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടുത്തദിവസം. വിമത എം.എല്‍.എ എം.ടി.ബി നാഗരാജിന്റെ വീട്ടിലാണ് ഇന്ന് ഡി.കെ.യെ കാണുന്നത്.

ഡി.കെ വന്നുപോയശേഷം നാഗരാജ് ഒരു പ്രസ്താവനയിറക്കി. അതിങ്ങനെ- ‘സാഹചര്യം അതായതുകൊണ്ടാണ് അന്നു രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡി.കെ ശിവകുമാര്‍ അടക്കമുള്ളവര്‍ ഞങ്ങളുടെ അടുത്തെത്തി രാജി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഞാന്‍ കെ. സുധാകര്‍ റാവുവിനോട് (വിമത എം.എല്‍.എ) സംസാരിച്ചു. അതിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ഞാന്‍ ദശാബ്ദങ്ങളാണ് കോണ്‍ഗ്രസിനൊപ്പം ചെലവഴിച്ചത്.’

കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഡി.കെ മാജിക് വീണ്ടും കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നര്‍ഥം.

വൊക്കലിംഗ വിഭാഗവും പണവും അധികാരവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡി.കെ ആണ് ബി.ജെ.പിക്കിപ്പോള്‍ പ്രതിപക്ഷം. അത്രയധികം ആ മനുഷ്യനെ അവര്‍ ഭയക്കുന്നുണ്ട്. അതിനുകാരണം ഒരുവര്‍ഷം മുന്‍പുനടന്ന തെരഞ്ഞെടുപ്പാണ്.

2018-ല്‍ ബി.ജെ.പി 105 സീറ്റ് നേടി കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിനു ലഭിച്ചതാകട്ടെ, 78 സീറ്റ്. ജെ.ഡി.എസിന് 37. 224 അംഗ നിയമസഭയില്‍ ബി.ജെ.പിക്കുപോലും അന്ന് എട്ട് എം.എല്‍.എമാരുടെ പിന്തുണ കൂടിയുണ്ടെങ്കിലേ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമായിരുന്നുള്ളൂ. മറ്റുള്ളവര്‍ക്കാവട്ടെ, അതിനുള്ള ഒരു സാധ്യതയും കടലാസ്സില്‍ ഉണ്ടായിരുന്നില്ല.

രാജ്യം മുഴുവന്‍ കാലുകുത്താന്‍ കോണ്‍ഗ്രസ് ഒരിടം നോക്കുമ്പോഴായിരുന്നു കര്‍ണാടകത്തെ ഒപ്പം നിര്‍ത്താനുള്ള ജോലി ഡി.കെ ശിവകുമാറിന് അവര്‍ നല്‍കുന്നത്. എം.എല്‍.എമാരെ മുഴുവന്‍ റിസോര്‍ട്ടിലേക്കു മാറ്റുക മാത്രമായിരുന്നില്ല ഡി.കെ അന്നു ചെയ്തത്. അവരുടെ മൊബൈലുകളും വാച്ചുകളും അടക്കം വാങ്ങിവെച്ച് എല്ലാ മുന്‍കരുതലുകളും നടത്തി ബി.ജെ.പിയുടെ വാതിലുകള്‍ ഓരോന്നായി അടക്കുകയായിരുന്നു.

ബി.ജെ.പി നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ വിശ്വാസവോട്ടിനെ നേരിട്ട ദിവസമാകട്ടെ, എം.എല്‍.എമാരായ പ്രതാപ് ഗൗഡ പാട്ടീലിനെയും അനന്ത് സിങ്ങിനെയും ഹോട്ടല്‍ മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ഡി.കെ അനുവദിച്ചില്ല. അക്കാരണത്താല്‍ മാത്രം നിയമസഭയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പയ്ക്കു പടിയിറങ്ങേണ്ടി വന്നു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തിലേറി.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം നിലനിര്‍ത്താന്‍ ആകുന്നതൊക്കെയും ശ്രമിക്കുകയായിരുന്നു ആ മനുഷ്യന്‍.

ഇപ്പോള്‍ വിമത എം.എല്‍.എമാരെ ഫോണില്‍ വിളിച്ചും അവരുടെ ഓരോരുത്തരുടെയും വീട്ടില്‍ പോയിക്കണ്ടും മുംബൈയിലേക്കു പറന്നും അദ്ദേഹം വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. ബുധനാഴ്ച പോവായിലെ റെനായിസന്‍സ് ഹോട്ടലിന്റെ ഗേറ്റിലെത്തിയ ഡി.കെ പറഞ്ഞത് താനൊരു ചായ കുടിക്കാന്‍ വന്നതാണെന്നാണ്. ബി.ജെ.പിക്കു വെച്ച ചായയാണ് അതെന്നുമാത്രം.

പാര്‍ട്ടിയോടുള്ള ആത്മാര്‍ഥതയുടെയും പോരാട്ടവീര്യത്തിന്റെയും പേരിലാണ് ഡി.കെ ശിവകുമാര്‍ എന്ന മനുഷ്യന്‍ ഇന്നു ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നത്.

ഏഴുതവണയാണ് അദ്ദേഹം എം.എല്‍.എയായത്. ‘സതനൂരിലെ കടുവ’ എന്നദ്ദേഹത്തെ വിളിക്കാന്‍ ഒരു കാരണവും അതാണ്. അതിനാദ്യം 30 വര്‍ഷം പിന്നോട്ടുപോകണം. 1989-ല്‍ സതനൂരില്‍ നിന്നു മത്സരിച്ച ശിവകുമാര്‍ പരാജയപ്പെടുത്തിയത് എച്ച്.ഡി ദേവഗൗഡയെയാണ്. അതും ഗൗഡയോട് അതേ മണ്ഡലത്തില്‍ നിന്നു തോറ്റതിന് നാലുവര്‍ഷത്തിനുശേഷം. അക്കാരണം കൊണ്ടുമാത്രം മന്ത്രിപദവി അദ്ദേഹത്തെ തേടിവന്നു.

രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം വൊക്കലിംഗ വിഭാഗത്തിന്റെ നേതൃത്വത്തിനുവേണ്ടി ഗൗഡയ്ക്കും മകന്‍ എച്ച്.ഡി കുമാരസ്വാമിക്കും വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി.

എന്നാല്‍ ഇതേ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയാണ് കഴിഞ്ഞവര്‍ഷം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരുണ്ടാക്കിയത് എന്നതോര്‍ക്കുമ്പോഴറിയാം ഡി.കെയുടെ രാഷ്ട്രീയനീക്കങ്ങളുടെ ചടുലത എന്തെന്ന്.

പക്ഷേ ഡി.കെ ശിവകുമാര്‍ എന്ന മനുഷ്യന്റെ രാഷ്ട്രീയജീവിതം അത്ര സംശുദ്ധമല്ല. എസ്.എം കൃഷ്ണ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ അനധികൃത ഗ്രാനൈറ്റ് ഖനനത്തിന്റെയും അനധികൃത സ്വത്തിന്റെയും പേരില്‍ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം വന്നു. വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന, ആള്‍മാറാട്ടം, നികുതിവെട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന എന്നിങ്ങനെ വേറെയും കേസുകള്‍.

2017-ലാണ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വെളിപ്പെടുത്താത്ത 300 കോടിയുടെ സ്വത്ത് ഡി.കെയ്ക്കുണ്ടെന്ന് പുറംലോകം അറിയുന്നത്. കര്‍ണാടകത്തിലും ദല്‍ഹിയിലുമായി പരന്നുകിടക്കുന്ന അറുപതോളം വസ്തുവകകളിലാണ് അന്ന് പരിശോധന നടന്നത്.

എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല വിഷയം. തങ്ങളുടെ കൈയിലുള്ള അവസാന സംസ്ഥാനങ്ങളിലൊന്നും കൈവിട്ടുപോകുമോ എന്ന ഭീതിയില്‍ക്കഴിയുന്ന കോണ്‍ഗ്രസിന് ഓക്‌സിജന്‍ നല്‍കാന്‍ ഡി.കെയ്ക്കു കഴിയുമോ എന്നാണു ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നത്. മുന്‍പ് കണ്ട അതേ മാജിക്ക് ഇത്തവണയും ആവര്‍ത്തിക്കുമോ.. കണ്ടറിയണം.