ഇന്ത്യക്കായി കളിക്കാന്‍ അവന്‍ ഇനി എന്താണ് തെളിയിക്കാനുള്ളത്: ആകാശ് ചോപ്ര
Cricket
ഇന്ത്യക്കായി കളിക്കാന്‍ അവന്‍ ഇനി എന്താണ് തെളിയിക്കാനുള്ളത്: ആകാശ് ചോപ്ര
Sudev A
Thursday, 11th June 2026, 9:31 am

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഈ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയതാണ് പ്രധാന മാറ്റം.

രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടിയതും ഏറെ ശ്രദ്ധേയമായി. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രണ്ടാം കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രജത് പാടിദാറിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ല.

ഇപ്പോള്‍ പാടിദാറിന് ടീമില്‍ അവസരം നല്‍കാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പാടിദാര്‍ ഇനി എന്താണ് തെളിയിക്കാനുള്ളതെന്നാണ് ചോപ്ര ചോദിക്കുന്നത്. ഹര്‍ഭജന്‍ സിങ്ങിന്റെ പാടിദാറിനെക്കുറിച്ചുള്ള ട്വീറ്റ് താന്‍ കണ്ടിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ടി-20 ടീമില്‍ രജത് പാടിദാറിനെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തതെന്ന് പലരും ചോദിക്കുന്നു. അവന്‍ ഇനി എന്താണ് തെളിയിക്കാനുള്ളത്? ഭാജിയുടെ ട്വീറ്റ് ഞാന്‍ കണ്ടു. രജത് പാടിദാര്‍ ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ്. അവന് ഒരു അവസരവും നല്‍കാത്തത് ശരിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ പ്രതികരണമാണ് ആരാധകരുടെ വികാരവും നിരാശയുമാണ് പ്രകടിപ്പിക്കുന്നത്. അതിനാല്‍ ഈ വിമര്‍ശനങ്ങള്‍ മനസിലാക്കാവുന്നതാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

2026 ഐപിഎല്‍ സീസണിലുടനീളം ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് പാടിദാര്‍ കാഴ്ചവെച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 501 റണ്‍സാണ് പാടിദാര്‍ നേടിയത്. ഐ.പി.എല്‍ കരിയറില്‍ 57 മത്സരങ്ങളില്‍ നിന്ന് 1612 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ആര്‍.സി.ബി രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ രണ്ട് സീസണിലും തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന ഏക നായകനായും പാടിദാര്‍ മാറി. ഇതിഹാസ താരങ്ങളായ എം.എസ്. ധോണിക്കോ രോഹിത് ശര്‍മയ്ക്കോ ഗൗതം ഗംഭീറിനോ പോലും ഇല്ലാത്ത അപൂര്‍വ നേട്ടമാണ് ബെംഗളൂരു ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

അതേസമയം അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

Content Highlight: Aakash Chopra shares his disappointment over not giving Rajat Patidar a chance in the team

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.