2006ല്‍ ഗോള്‍വാള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ താണുവണങ്ങിയത് ഏത് ഡീല്‍ ആയിരുന്നു? വി.ഡി. സതീശനോട് മുഖ്യമന്ത്രി
Kerala
2006ല്‍ ഗോള്‍വാള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ താണുവണങ്ങിയത് ഏത് ഡീല്‍ ആയിരുന്നു? വി.ഡി. സതീശനോട് മുഖ്യമന്ത്രി
അനിത സി
Thursday, 26th March 2026, 2:52 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസുമായി ഡീലുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ 2006ല്‍ ആര്‍.എസ്.എസുമായി ഉണ്ടാക്കിയ ഡീലെന്തായിരുന്നെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ചോദിച്ചു.

കേരളത്തിലെ നിരവധി നിയോജക മണ്ഡലങ്ങളില്‍ സി.പി.ഐ.എം-ബി.ജെ.പി ഡീല്‍ ഉണ്ടെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

2006ല്‍ പറവൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആര്‍.എസ്.എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വി.ഡി. സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു.

2001ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.ഡി. സതീശന്‍ ആര്‍.എസ്.എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പറവൂരിലെ ഡീല്‍ എന്തായിരുന്നെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2006ല്‍ പറവൂരില്‍ ആര്‍.എസ്.എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ആര്‍.എസ്.എസിന്റെ രണ്ടാം സര്‍ സംഘചാലകും ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളുമായ ഗോള്‍വാള്‍ക്കറെ പൂവിട്ടു പൂജിക്കാന്‍ വി.ഡി. സതീശന്‍ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ്.

2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.ഡി. സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ആര്‍.എസ്.എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. 2006-ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

Content Highlight: What was the deal that made you bow down in front of Golwalkar’s photo in 2006? CM asks V.D. Satheesan

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.