കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍ഗാത്മകതയുടെ അനന്തമായ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും എന്നാല്‍ അവ ശരിയായ ലക്ഷ്യബോധത്തോടെ വേണം ഉപയോഗിക്കാനെന്നും കമല്‍ഹാസന്‍.

കോഴിക്കോട് സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ് (SOS) സംഘടിപ്പിച്ച മൂന്ന് ദിവസത്തെ തീവ്ര എഐ ഫിലിം മേക്കിംഗ് വര്‍ക്ക്‌ഷോപ്പ് ‘WAVE 1.0’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

”സാങ്കേതികവിദ്യയുടെ മുന്നില്‍ നിങ്ങളുടെ മനസിനെ എപ്പോഴും ജിജ്ഞാസയുള്ളതാക്കി വെക്കുക. ഒരു ചതുരത്തിനുള്ളില്‍ മാത്രം ഒതുങ്ങുകയോ തളച്ചിടപ്പെടുകയോ ചെയ്യരുത്,” എന്ന് അദ്ദേഹം സിനിമയിലെ പുതുതലമുറയോടാവശ്യപ്പെട്ടു.

കോഴിക്കോട് കടപ്പുറത്തെ കെ.ടി.ഡി.സി കഫേ പോളിറ്റനില്‍ നടന്ന വര്‍ക്ക്‌ഷോപ്പ്, വെറും എഐ ടൂളുകള്‍ പരിചയപ്പെടുത്തുന്നതിനപ്പുറം, സിനിമയുടെ പ്രൊഫഷണല്‍ പൈപ്പ്ലൈനിലേക്ക് (Professional Film Pipeline) ഈ സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി സന്നിവേശിപ്പിക്കാം എന്നതിന് ഊന്നല്‍ നല്‍കിയാണ് സംഘടിപ്പിച്ചത്.

മലയാളം, തമിഴ് സിനിമാ വ്യവസായത്തില്‍ എഐ ഫിലിം പ്രൊഡക്ഷന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വരുണ്‍ രമേഷ്, സജി ബി. നായര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

പരിശീലനത്തിനിടെ മികച്ച പ്രതിഭ തെളിയിക്കുന്ന മൂന്ന് പേരെ സ്‌കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ്ങിന്റെ ഔദ്യോഗിക പ്രൊഡക്ഷന്‍ ടീമിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുമെന്ന് സ്ഥാപകന്‍ വരുണ്‍ രമേഷ് വ്യക്തമാക്കി.

”എ.ഐ ടൂളുകള്‍ പഠിക്കുക എന്നത് എളുപ്പമാണ്, എന്നാല്‍ അവയെ ഒരു പ്രൊഫഷണല്‍ സിനിമാ നിര്‍മാണ രീതിയുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതാണ് പ്രധാനം. മികച്ച രീതിയില്‍ സിനിമയെ സമീപിക്കുന്ന ക്രിയേറ്റര്‍മാരെ കണ്ടെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം,” വരുണ്‍ രമേഷ് പറഞ്ഞു.

 

Content highlight: WAVE 1.0: AI Workshop