മലപ്പുറം: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കേരളാ ഗ്രാമീണ്‍ ബാങ്ക്. ഇന്ത്യയിലെ റീജണല്‍ റൂറല്‍ ബാങ്കിങ്ങിന്റെ 50 വര്‍ഷത്തെ സേവനങ്ങളെ മുന്‍നിര്‍ത്തികൊണ്ടാണ് ആഘോഷങ്ങള്‍.
കാനറാ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ബ്രജേഷ് കുമാര്‍ സിങ്ങാണ് മലപ്പുറത്തെ പ്രധാന ഓഫീസില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കൂടാതെ മലപ്പുറത്തുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നാമഫലകം അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.
ഗ്രാമീണ ബാങ്കിംഗ് മേഖലയില്‍ സാങ്കേതിക മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി ഡിജിറ്റല്‍ സംവിധാനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയെയും മാറ്റങ്ങളെയും അഭിനന്ദിച്ച അദ്ദേഹം അടിസ്ഥാന സൗകര്യങ്ങള്‍, കോര്‍പ്പറേറ്റ് വിസിബിലിറ്റി, പ്രൊഫഷണലിസം, ബിസിനസ്സ് മികവ് എന്നിവയില്‍ ബാങ്ക് കൈവരിച്ച വലിയ മുന്നേറ്റങ്ങളെയും എടുത്തുപറഞ്ഞു.
ബാങ്കിന്റെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ വിശ്വാസമുണ്ടെന്നും, കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും രാജ്യത്തെ ഏറ്റവും മികച്ച റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഒന്നായി മാറാന്‍ കെ.ജി.ബിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി.ബിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കാനറ ബാങ്കിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കറാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.
ഇന്ത്യന്‍ റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കിടയില്‍ തങ്ങളുടെ നേതൃസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കാനും സ്ഥിരതയാര്‍ന്ന ബിസിനസ് വളര്‍ച്ച നിലനിര്‍ത്താനും കെ.ജി.ബി പ്രതിജ്ഞാബദ്ധമാണെന്ന് വിമല തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രശസ്തമായ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംനേടിയ രാജ്യത്തെ ഏക റീജിയണല്‍ റൂറല്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കിനെ നാബാര്‍ഡ് ജനറല്‍ മാനേജര്‍ ശ്രീ ജ്യോതിസ് ജഗന്നാഥ് അഭിനന്ദിച്ചു.
കേരളത്തിലുടനീളമുള്ള സാമ്പത്തിക സംയോജനം, ഗ്രാമീണ വികസനം, സാമൂഹിക-സാമ്പത്തിക ശാക്തീകരണം എന്നിവയില്‍ കെ.ജി.ബി വഹിക്കുന്ന നിര്‍ണായക പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും, നാബാര്‍ഡിന്റെ തുടര്‍ന്നുള്ള മാര്‍ഗനിര്‍ശങ്ങളും വികസന പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തു.
തുടര്‍ന്ന് വരാനിരിക്കുന്ന ഒരു വര്‍ഷത്തെ വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റി പരിപാടികളുടെ തുടക്കം കുറിച്ച ചടങ്ങില്‍ ബാങ്കിന്റെ ജനറല്‍ മാനേജര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, ജീവനക്കാര്‍, ഉപഭോക്താക്കള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും പങ്കെടുത്തു.
Content Highlight: KGB Golden Jubilee celebrations kick off in Malappuram; inaugurated by Canara Bank MD Brajesh Kumar Singh.