തിരുവനന്തപുരം: ധനകാര്യം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ വിശ്വസ്ത സേവനം നല്‍കുന്ന പ്രമുഖ വ്യവസായ ശൃംഖലയായ ഐ.സി.എല്‍ ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന പദ്ധതികളും വിപുലമായ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി ‘ഐ.സി.എല്‍ അക്കാദമി’ തൃശ്ശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ചടങ്ങില്‍ ഐ.സി.എല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാറാണ് പുതിയ സംരംഭത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസവും മത്സരപരീക്ഷാ പരിശീലനവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. പ്രവേശനപരീക്ഷാ പരിശീലനം, ഒളിമ്പ്യാഡുകള്‍, വിദേശ സര്‍വ്വകലാശാല പ്രവേശന പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍, കരിയര്‍ ഗൈഡന്‍സ്, ടീച്ചര്‍ ട്രെയിനിങ് എന്നിവ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

NEET, JEE Main, JEE Advanced, KEAM, CUET തുടങ്ങിയ ദേശീയ-സംസ്ഥാനതല പരീക്ഷകള്‍ക്കൊപ്പം വിദേശ പഠനത്തിന് സഹായിക്കുന്ന SAT, ACT പരീക്ഷകള്‍ക്കും പരിശീലനം നല്‍കും.
ലോകോത്തര സര്‍വ്വകലാശാലകളുമായി സഹകരിച്ചുള്ള യൂണിവേഴ്‌സിറ്റി പഠനപ്രോഗ്രാമുകളും ബിരുദ പാതകളും (Degree Pathways) ലഭ്യമാക്കും.

ഇന്ത്യയിലെയും യു.എ.ഇ സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലെയും വിദഗ്ധരായ അധ്യാപകരുടെ സേവനം കേരളത്തില്‍ ലഭ്യമാക്കും. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്രീയ ചിന്തയും ഗണിതശേഷിയും വളര്‍ത്താന്‍ ‘ICL Dreambig Olympiad’, IOQM, NSEJS തുടങ്ങിയ പരിശീലനങ്ങള്‍ നല്‍കും.

അധ്യാപകരുടെ പ്രഫഷണല്‍ മികവ് ഉയര്‍ത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക പരിശീലന പരിപാടികളും സ്‌കൂളുകള്‍ക്കായി നല്‍കും.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ ‘പി.എസ്.കെ എഡ്യുവേഞ്ചേഴ്‌സിനെ’ ഐ.സി.എല്‍ ഗ്രൂപ്പ് പൂര്‍ണമായി ഏറ്റെടുത്തു. പ്രമുഖ എന്‍ട്രന്‍സ് പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ പി.എസ്.കെ സുരേഷ് കുമാറിന്റെ അക്കാദമിക നേതൃത്വത്തിലാണ് അക്കാദമിയുടെ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.

തൃശൂരില്‍ നിന്ന് തുടക്കം കുറിക്കുന്ന അക്കാദമിയുടെ സേവനങ്ങള്‍ ഉടന്‍ തന്നെ കേരളത്തിലുടനീളവും ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. സമീപഭാവിയില്‍ ഇന്ത്യയിലുടനീളം പ്രമുഖ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ആരംഭിക്കാനും ഐ.സി.എല്‍ അക്കാദമിക്ക് പദ്ധതിയുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മികച്ച സ്‌കോളര്‍ഷിപ്പ് പദ്ധതികളും തയാറാക്കിയിട്ടുണ്ട്.

‘നമ്മുടെ നാട്ടിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച എന്‍ട്രന്‍സ് കോച്ചിംഗിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആഗോള നിലവാരമുള്ള അധ്യാപനരീതികളും സാങ്കേതികവിദ്യയും കേരളത്തില്‍ തന്നെ ലഭ്യമാക്കും. ഐ.സി.എല്‍ അക്കാദമിയെ ഒരു അഖിലേന്ത്യാ ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുകയാണ് ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം.’ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.

ഇന്ത്യയിലും യു.എ.ഇയിലുമായി വിപുലമായ ശൃംഖലയുള്ള ഐ.സി.എല്‍ ഗ്രൂപ്പിന് കീഴില്‍ ഫിനാന്‍സ് ( ട്രാവല്‍ & ടൂറിസം, ഹെല്‍ത്ത് കേയര്‍, ഫാഷന്‍, എന്റര്‍ടൈന്‍മെന്റ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി നിരവധി മേഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യോമയാന-വിവരസാങ്കേതിക മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ICL ഏവിയേഷന്‍, ICL ഐ.ടി. ഇന്നൊവേഷന്‍സ് എന്നീ പുതിയ സംരംഭങ്ങളും ഉടന്‍ ആരംഭിക്കും.

Content Highlight: ICL Academy to mark a new chapter in the field of education; launches in Thrissur