കെ എഫ് സി വഴി 6 ശതമാനം നിരക്കിൽ ഇനി  5 കോടി രൂപ വരെ വായ്പ: സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
DOOL PLUS
കെ എഫ് സി വഴി 6 ശതമാനം നിരക്കിൽ ഇനി  5 കോടി രൂപ വരെ വായ്പ: സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th August 2026, 6:42 pm

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ  വഴി വ്യവസായങ്ങൾക്ക് അഞ്ചുകോടി രൂപ വരെ 6 ശതമാനം പലിശനിരക്കിൽ വായ്പയായി നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.

തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്തുടനീളം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച CMEDP പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

കെ എഫ്സിയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമായി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന്  മുഖ്യമന്ത്രി വിഡി സതീശൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലൂടെ 6 ശതമാനം വാർഷിക പലിശനിരക്കിൽ ലഭിച്ചിരുന്ന പരമാവധി വായ്പ 2 കോടി രൂപ ആയിരുന്നെകിൽ ഇപ്പോൾ അത് 5 കോടി രൂപയായി ഉയർത്തുകയാണ്. മുഖ്യ പ്രൊമോട്ടറുടെ പ്രായപരിധി 50 വയസിൽ നിന്നും 60 വയസായി ഉയർത്തി.

മുതിർന്ന പൗരന്മാരുടെ അനുഭവപരിചയം സമൂഹത്തിന് ഗുണകരമാകണമെന്നാണ് സർക്കാരിൻ്റെ നയം. ഇത്തരത്തിൽ സിൽവർ എക്കോണമിയെ ശക്തിപ്പെടുത്തുന്നതിനാണ് സർക്കാർ സീനിയർ സിറ്റിസൺ വകുപ്പ് രൂപീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്നും 100 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എഫ് സി നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ കോർപ്പറേഷൻ്റെ വായ്പാ ആസ്തി നിലവിലെ 9080 കോടി രൂപയിൽ നിന്നും പതിനായിരം കോടിയിലേയ്ക്കെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നിരവധി നൂതനമായ ആശയങ്ങളുമായാണ് ചെറുപ്പക്കാർ വരുന്നത്. അവർക്ക് പിന്തുണ നൽകുന്ന തരത്തിലുള്ള പദ്ധതികൾ ഇനിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ച് നിക്ഷേപകരുടെ കാഴ്ചപ്പാട് മാറിവരികയാണ്. നിരവധി നിക്ഷേപകർ കേരളത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നുണ്ട്. അവർക്ക് കെ എഫ് സി പോലെയുള്ള സ്ഥാപനം വഴി ഇനിയും പദ്ധതികൾ ആവിഷ്കരിക്കും. കെഎഫ്സിയുടെ മികച്ച ബ്രാഞ്ചുകൾക്കുള്ള പുരസ്കാരം മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

വിദേശരാജ്യങ്ങളിൽ മലയാളികൾക്കുണ്ടായിരുന്ന തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണെന്നും അതിനാൽ കേരളത്തിലുള്ളവർക്ക് കേരളത്തിൽത്തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ നയമെന്നും ചടങ്ങിൽ ആധ്യക്ഷം വഹിച്ച ആരോഗ്യ, ദേവസ്വം, കുടുംബക്ഷേമവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. മുതലിനേക്കാൾ കൂടുതൽ പലിശ വാങ്ങുന്ന ധനകാര്യസ്ഥാപനങ്ങൾ ഉള്ള ഒരു കാലത്ത് 6 ശതമാനം പലിശനിരക്കിൽ വ്യവസായങ്ങൾക്ക് വായ്പ ലഭിക്കുന്നു എന്നത് ഒരു വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നിലവിൽ കെ എസ് ആർ ടി.സിയുടെ എഞ്ചിൻ ആണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പറഞ്ഞു. ഒരു വ്യവസായം എന്ന നിലയിൽ കെ എസ് ആർ ടിസിയ്ക്ക് നിലനിൽക്കാനും മെച്ചപ്പെട്ട രീതിയിൽ വളരാനും സഹായകമായത് കെഎഫ്സി വഴി അനുവദിച്ച വായ്പയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.എഫ്.സിയുടെ തിരഞ്ഞെടുത്ത സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം നടത്തി. കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഐ.എ.എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ യു കേൽക്കർ ഐ.എ.എസ്, കോർപ്പറേഷൻ കൗൺസിലർ കെ. ആർ ക്ലീറ്റസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.എഫ്.സി ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ. ആർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Content Highlight: KFC CMEDP Third Edition Inagurated By Kerala CM VD Satheesan