തിരുവനന്തപുരം: പ്രായമേറുന്ന കാലത്ത് വാർധക്യത്തെ സന്തോഷത്തോടെയും അന്തസ്സോടെയും സ്വീകരിക്കാൻ മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘യങ് സീനിയേഴ്സ് ഫൗണ്ടേഷൻ’ പ്രതിനിധികൾ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഫൗണ്ടേഷൻ പ്രതിനിധി ഡോ. ഫിയാസ് ഹസ്സൻ്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി സന്ദർശിച്ചത്.
സംസ്ഥാന മന്ത്രിസഭയിൽ വയോജനങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം/വകുപ്പ് രൂപീകരിക്കുന്ന ചരിത്രപരമായ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. സർക്കാരിന്റെ ഈ പുതിയ നീക്കത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത യങ് സീനിയേഴ്‌സ്, ഈ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും തങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും അറിയിച്ചു.
സന്ദർശന വേളയിൽ തികച്ചും ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രി നൽകിയതെന്ന് യങ് സീനിയേഴ്സ് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലങ്ങളായി യങ് സീനിയേഴ്സ് ഫൗണ്ടേഷൻ സംസ്ഥാനത്ത് വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
വയോജന ക്ഷേമത്തിനായി ഇത്തരം ജനകീയ കൂട്ടായ്മകൾ മുന്നോട്ടുവരുന്നത് സ്വാഗതാർഹമാണെന്നും, സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കാൻ ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.
ആരോഗ്യപരമായ മാനങ്ങളോടൊപ്പം വലിയൊരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് വയോജന പരിചരണം. ജീവിതത്തിന്റെ സന്ധ്യാവേളകളിൽ ഒറ്റപ്പെടലിന്റെയും രോഗങ്ങളുടെയും വേദന അനുഭവിക്കുന്ന ആയിരക്കണക്കിന് മുതിർന്ന പൗരന്മാർക്ക് “പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം” എന്ന സന്ദേശത്തിലൂടെ ആശ്വാസമേകാൻ യങ് സീനിയേഴ്‌സിന് സാധിച്ചിട്ടുണ്ട്.
പ്രവാസികളായ മക്കളുടെ നാട്ടിലുള്ള മാതാപിതാക്കൾക്ക് വീടുകളിലെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കുന്ന ‘ഹോം കെയർ’ സേവനങ്ങൾ, തലമുറകൾ തമ്മിലുള്ള വിടവ് നികത്താൻ രൂപീകരിച്ച ‘യങ് സീനിയേഴ്‌സ് ബ്രിഗേഡ്’, ജറോസയൻസിന്റെ (Geroscience) ഗുണഫലങ്ങൾ സാധാരണക്കാരിലെത്തിക്കുന്ന ക്യാമ്പയിനുകൾ എന്നിവയിലൂടെ വലിയൊരു നിശബ്ദ വിപ്ലവമാണ് ഈ കൂട്ടായ്മ സൃഷ്ടിച്ചത്.
കേരളത്തിലെ ഓരോ വയോജനത്തിന്റെയും ക്ഷേമവും സന്തോഷവും ഉറപ്പുവരുത്താൻ എപ്പോഴും തങ്ങൾ മുന്നിലുണ്ടാകുമെന്നും, പുതിയ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് ഈ തണൽ സംസ്ഥാനമൊട്ടാകെ ഒരുക്കാൻ ചേർന്നുനിൽക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം യംഗ് സീനിയേഴ്സ് ഫൗണ്ടേഷൻ പ്രതിനിധികളായഡോ. ഫിയാസും ഡോ. മുഫ്‌ലിഹും വ്യക്തമാക്കി.
Content Highlight: Young Seniors Foundation Representatives Met With Kerala CM VD Satheesan