തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം' - പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
DOOL PLUS
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം' - പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2026, 5:00 pm

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന ‘പ്രവാസി സീനിയര്‍ കെയര്‍ ഹോം’ സംബന്ധിച്ച് കേരള സര്‍ക്കാര്‍ സാമൂഹ്യനീതി ഡയറക്ടര്‍ അരുണ്‍ എസ്. നായര്‍ IAS-ഉം അഡിഷണല്‍ ഡയറക്റ്റര്‍ ശ്രീമതി എസ് ജലജയുമായും PLC പ്രതിനിധികള്‍ ഇന്ന് (9 ജൂണ്‍ ) കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ പദ്ധതി സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. സാമ്പത്തികമായി സുസ്ഥിരമായ ഒരു സംയോജിത (Hybrid) മാതൃകയാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ നോര്‍ക്ക സെക്രട്ടറിയും നോര്‍ക്ക ഡയറക്റ്ററുമായും ബന്ധപ്പെട്ട് ഉടനെ നടത്താമെന്ന് സാമൂഹ്യനീതി ഡയറക്ടര്‍ അറിയിച്ചു.

കേരളത്തില്‍ മടങ്ങിയെത്തിയ സീനിയര്‍ പ്രവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായി കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍, സാമൂഹ്യമായ സുരക്ഷിതത്വമില്ലായ്മ, വാര്‍ധക്യസഹജമായ രോഗങ്ങള്‍ എന്നിവ അഭിമുഖീകരിക്കുന്ന പ്രവാസികള്‍ക്കുവേണ്ട സംരക്ഷണ കേന്ദ്രമായാണ് ‘പ്രവാസി സീനിയര്‍ കെയര്‍ ഹോം’ വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണം, ചികിത്സാ സംവിധാനങ്ങള്‍ , വിനോദോപാധികള്‍ തുടങ്ങി അടിസ്ഥാനപരമായ എല്ലാ സംവിധാനങ്ങളും കെയര്‍ ഹോമില്‍ ഉണ്ടായിരിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതാണ്. പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരത്താണ് ആദ്യ കെയര്‍ ഹോം ആരംഭിക്കുന്നത്.

പദ്ധതിയുടെ സാധ്യതകളെയും നടപ്പാക്കല്‍ മാര്‍ഗങ്ങളെയും പറ്റി കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി നോര്‍ക്ക ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഒരു സംയുക്ത യോഗം ഉടനെ വിളിച്ചുചേര്‍ക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.

കൂടിക്കാഴ്ചയില്‍ പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് കേരള ചാപ്റ്റര്‍ ജന.സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍, ഭരണസമിതി അംഗങ്ങളായി അനില്‍ അളകാപുരി, നന്ദഗോപകുമാര്‍, എം എം സലിം, നിയാസ് പൂജപ്പുര, പി കെ ഉമ്മന്‍ എന്നിവരും പങ്കെടുത്തു.