ഇരിങ്ങാലക്കുടയെ ആവേശത്തിലാഴ്ത്താന്‍ വീണ്ടുമൊരു 'ഒന്നിച്ചോണം പൊന്നോണം'; സംഘാടക സമിതി രൂപീകരിച്ചു
DOOL PLUS
ഇരിങ്ങാലക്കുടയെ ആവേശത്തിലാഴ്ത്താന്‍ വീണ്ടുമൊരു 'ഒന്നിച്ചോണം പൊന്നോണം'; സംഘാടക സമിതി രൂപീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2026, 11:32 am

 

ഇരിങ്ങാലക്കുട: ഇത്തവണത്തെ ഓണാഘോഷം അതിഗംഭീരമാക്കാന്‍ ഐ.സി.എല്‍. ഫിന്‍കോര്‍പിന്റെ നേതൃത്വത്തില്‍ ‘ഒന്നിച്ചോണം പൊന്നോണം’ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഐ.സി.എല്‍. ഒരുക്കിയ മനോഹരമായ ഓണാഘോഷയാത്ര ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് തുടര്‍ച്ചയായി ഇത്തവണ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച ഐ.സി.എല്‍. ഫിന്‍കോര്‍പ് ചെയര്‍മാന്‍ അഡ്വ. കെ. ജി. അനില്‍കുമാര്‍ അറിയിച്ചു.

ആകര്‍ഷകമായ കലാരൂപങ്ങളും ലോക റെക്കോര്‍ഡ് ശ്രമവും കേരളീയ തനിമ വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അണിനിരത്തിക്കൊണ്ടുള്ള അതിഗംഭീര ഘോഷയാത്രയാണ് ഇത്തവണ ഒരുക്കുന്നത്.

പുലികളി, കുമ്മാട്ടി, തെയ്യം, തിറ, തിരുവാതിരക്കളി, കഥകളി തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. കൂടാതെ, ഇത്തവണത്തെ ആഘോഷങ്ങളുടെ ഭാഗമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും സംഘാടകര്‍ പരിശോധിച്ച് വരികയാണ്. ഇതിനൊപ്പം സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നഗരസഭ ചെയര്‍മാന്‍ എം. പി. ജാക്‌സണ്‍ ചെയര്‍മാനായി രണ്ടായിരത്തിലധികം പേര്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

ചടങ്ങില്‍ എം.എല്‍.എ.മാരായ അഡ്വ. തോമസ് ഉണ്ണിയാടന്‍, സനീഷ് കുമാര്‍ ജോസഫ്, നഗരസഭ ചെയര്‍മാന്‍ എം. പി. ജാക്‌സണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

Content Highlight: Onnichonam Ponnonam; Organizing committee formed.