തിരുവനന്തപുരം: മുസ്‌ലിം ലീഗിനും കെ.എം മാണിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍. വര്‍ഗീയപാര്‍ട്ടിയായി ലീഗ് കുപ്രസിദ്ധി നേടിയതാണ്. ഏറ്റവും വലിയ അഴിമതിവീരനാണ് കെ.എം മാണിയെന്ന് കേരളം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
ഇത്തരം പാര്‍ട്ടികളുമായി യോജിക്കാന്‍ സി.പി.ഐ.എമ്മിന് സാധിക്കില്ലെന്നും വി.എസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര നിലപാടെടുത്തതോടെ മൃദുസമീപനവുമായി സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
മുസ്‌ലിം ലീഗിനെ കുറിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന എഡിറ്റോറിയലിനെക്കുറിച്ചും കെ.എം മാണിയുമായുള്ള സഹകരണത്തെക്കുറിച്ചുള്ള പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വി.എസിന്റെ എതിര്‍ ശബ്ദം.
കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്ക് സ്വീകരിക്കുന്നതിനെ സി.പി.ഐയും ശക്തമായി എതിര്‍ക്കുകയാണ്. ദേശാഭിമാനിയില്‍ കെ.എം മാണിയെ അനുകൂലിച്ചുകൊണ്ടു വന്ന ലേഖനം സി.പി.ഐ.എം അഭിപ്രായമാണെന്നു കരുതുന്നില്ലെന്നും മാണിയോടുള്ള സമീപനം മൃദുപ്പെടുത്തിയിട്ടില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞു.
ലേഖനമെഴുതിയ ആള്‍ 86 മുതല്‍ ദേശാഭിമാനിയില്‍ ഇ.എം.എസ്.എഴുതിയ ലേഖനങ്ങള്‍ വായിച്ചാല്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാടു മനസ്സിലാകും. ഇടതുമുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടെയില്ല.
അതുകൊണ്ടുതന്നെ മാണിയുമായുള്ള സമീപനത്തെക്കുറിച്ചു തല്‍ക്കാലം പറയേണ്ട കാര്യമില്ലേന്നു കാനം വ്യക്തമാക്കി.
സ്വന്തം നിലനില്‍പ് എല്ലാവരുടെയും പ്രശ്‌നമാണെന്നും യു.ഡി.എഫ് നന്നാകില്ലെന്നു കണ്ടാല്‍ ലീഗിനു ആശങ്കയുണ്ടാകുമെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.
