പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോണ്‍. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ സംവിധാന സഹായിയായി ഷാജി കൈലാസിന്റെ മകന്‍ തന്നെ എത്തുമെന്ന വാര്‍ത്തയാണ് വരുന്നത്.

ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘മൈ ന്യൂ അസിസ്റ്റന്റ്’ എന്ന കുറിപ്പോടെയാണ് മകന്‍ ജഗനൊപ്പമുള്ള ഫോട്ടോ ഷാജി കൈലാസ് പങ്കുവെച്ചത്.

നേരത്തെ മമ്മൂട്ടി നായകനായ കസബയിലും ജഗന്‍ സംവിധാന സഹായി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്ക് വീഡിയോ ജഗന്‍ സംവിധാനം ചെയ്തിരുന്നു.

സ്വന്തമായി ഒരു സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണ് ജഗനിപ്പോള്‍. ഇതിനിടെയാണ് അച്ഛന്റെ അസിസ്റ്റന്റ് ആയി എത്തിയത്. ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗന്‍.

ഷാജി കൈലാസിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗന്നാഥന്‍. ഇതിന്റെ ഓര്‍മ്മയ്ക്കാണ് മകന് ജഗന്‍ എന്ന് പേരിട്ടതെന്ന് ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണ്‍ നിര്‍മിക്കുന്നത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ പുറത്തിറങ്ങിയ ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. ആശിര്‍വാദിന്റെ 30ാമത്തെ ചിത്രം കൂടിയാണിത്.

2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shaji Kailas with Son Jagan