ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും മനീഷ് തിവാരിയും ഉള്‍പ്പെടെ ഏഴു സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തുവിട്ടു. മധ്യപ്രദേശിലെ ഗുണയില്‍നിന്ന് സിന്ധ്യയും പഞ്ചാബിലെ അനന്ത്പുര്‍ സാഹിബില്‍ നിന്നു തിവാരിയും ജനവിധി തേടും.

ഇതോടെ കോണ്‍ഗ്രസ് 386 സ്ഥാനാര്‍ഥികളെ ആകെ പ്രഖ്യാപിച്ചുകഴിഞ്ഞു.

2014-ല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിവാരിയെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ആദ്യം ചണ്ഡീഗഢില്‍ നിന്നും അന്ന് തിവാരിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുന്‍ കേന്ദ്രമന്ത്രിയായ പവന്‍ കുമാര്‍ ബന്‍സാലിനു പിന്നീട് ടിക്കറ്റ് നല്‍കുകയായിരുന്നു.

ബര്‍നാലയിലെ മുന്‍ എം.എല്‍.എ കേവല്‍ സിങ് ധില്ലനെ സംഗ്രൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിക്കും. ആം ആദ്മി പാര്‍ട്ടിയുടെ സിറ്റിങ് എം.പി ഭഗവന്ത് മന്നും ശിരോമണി അകാലി ദളിന്റെ പര്‍മീന്ദര്‍ സിങ് ധിന്‍ഡ്‌സയുമാണു മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍.

ശൈലേന്ദ്ര പട്ടേലിനെ മധ്യപ്രദേശിലെ വിദിഷയില്‍ നിന്നും മോണ സുസ്താനിയെ രാജ്ദഢില്‍ നിന്നും മത്സരിപ്പിക്കാനും തീരുമാനമായി. ലഡാക്കില്‍ നിന്നു റിഗ്‌സിന്‍ സ്പാല്‍ബറും ബിഹാറിലെ വാല്‍മീകി നഗറില്‍ നിന്നു ശാശ്വത് കേദാറും ജനവിധി തേടും.