ആഹാ... നല്ല കിടിലന്‍ ഡീ ഏജിങ്, വിസ്മയയുടെ തുടക്കത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ട് ഞെട്ടിച്ച് സായ് കുമാര്‍
Malayalam Cinema
ആഹാ... നല്ല കിടിലന്‍ ഡീ ഏജിങ്, വിസ്മയയുടെ തുടക്കത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ട് ഞെട്ടിച്ച് സായ് കുമാര്‍
അമര്‍നാഥ് എം.
Friday, 10th July 2026, 8:58 pm

ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ജേക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ കെ.എസ്. ചിത്ര ആലപിച്ച ‘തളിരോമലേ’ എന്ന ഗാനം ഇതിനോടകം സിനിമാപേജുകളില്‍ ചര്‍ച്ചയായി. വിസ്മയയുടെ കഥാപാത്രത്തിന്റെ ഇന്‍ട്രോയാണ് ഈ ഗാനമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നൊസ്റ്റാള്‍ജിയയും ഇമോഷനുമെല്ലാം കൃത്യമായി ബ്ലെന്‍ഡ് ചെയ്ത ഗാനം കൂടിയാണ് ഇത്.

തുടക്കം Photo: Aashirvad Cinemas/ X.com

എന്നാല്‍ അഞ്ച് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള പാട്ടില്‍ പലരെയും ഞെട്ടിച്ചത് സായ് കുമാറാണ്. വിസ്മയയുടെ അച്ഛനായാണ് സായ് കുമാര്‍ വേഷമിടുന്നത്. പാട്ടിന്റെ തുടക്കത്തില്‍ സായ് കുമാറിന്റെ ചെറുപ്പം കാണിച്ച് പോകുന്നുണ്ട്. ഡീ ഏജിങ്ങാണോ എ.ഐ ആണോ എന്ന് തോന്നിക്കുന്ന തരത്തില്‍ ഗംഭീരമായാണ് സായ് കുമാറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒറിജിനലാണെന്ന് തോന്നിപ്പോകുന്ന പെര്‍ഫക്ഷനാണ് ഈ പോര്‍ഷനില്‍.

ഇത് എ.ഐയും ഡീ ഏജിങ്ങുമല്ലാതെ മേക്കപ്പാണെങ്കില്‍ അത് ചെയ്തയാള്‍ക്ക് പ്രത്യേക കൈയടി നല്‍കണം. അത്രമാത്രം മികച്ചതാണ് ആ ഭാഗം. സായ് കുമാറിനും വിസ്മയക്കുമൊപ്പം മലയാളികളുടെ സ്വന്തം ചിപ്പിയും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിസ്മയയുടെ അമ്മയായാണ് ചിപ്പി വേഷമിടുന്നത്. ചിത്രയുടെ വോയ്‌സും ചിപ്പിയുടെ പ്രകടനവും ഗാനത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

സായ് കുമാര്‍ Photo: Screen grab/ Aashirvad Cinemas

വിസ്മയയുടെ സഹോദരന്‍ പ്രണവിന്റെ ആദ്യ സിനിമയായ ആദിയെപ്പോലെ തുടക്കവും ഗംഭീരമാകുമെന്നാണ് വിലയിരുത്തല്‍. വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടെ തുടക്കത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പുറമെ മോഹന്‍ലാലും ചിത്രത്തില്‍ എക്‌സ്റ്റന്‍ഡഡ് കാമിയോയായി പ്രത്യക്ഷപ്പെടുമ്പോള്‍ ഹൈപ്പ് ഇരട്ടിയാവുകയാണ്.

മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍, കോട്ടയം രമേശ്, ബോബി കുര്യന്‍, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍, ജയ കുറുപ്പ്, ടി.ജി രവി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം. 2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം.

Content Highlight: Sai Kumar’s portion in Thudakkam movie first single

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം