സഹോദരിമാര്‍ക്കൊപ്പം മുറ്റത്ത് ഓടി കളിക്കുമ്പോള്‍ അവള്‍ കാക്കിയിട്ട കാപാലികരുടെ ധാര്‍ഷ്ട്യത്തിന് ഇരയാവുകയായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സംഘപരിവാര്‍ വിദ്വേഷ പ്രചാരണത്തിന് കേരളാ പൊലീസ് കുട ചൂടിയപ്പോള്‍ ഉണ്ടായ രക്തസാക്ഷി.


ka-shaji-sirajunnisa


പുതുപ്പള്ളി തെരുവില്‍ സിറാജുന്നീസ എന്ന പേര് വെറുതെയെങ്കിലും ഉച്ചരിക്കുന്നത് മറവിക്കെതിരായ ഓര്‍മയുടെ പ്രതിരോധമാണ്. അവളുടേതായി ഇപ്പോള്‍ അവിടൊന്നും അവശേഷിക്കുന്നില്ല. അവള്‍ ജനിച്ചു വളര്‍ന്ന വീട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊളിച്ചു മാറ്റപ്പെട്ടു. അവിടെ ഒരു ബദല്‍ കെട്ടിടമുയര്‍ന്നു. അവള്‍ ഓടിക്കളിച്ച മുറ്റവും മുന്നിലെ വഴിത്താരകളും ഒക്കെ ഇന്ന് മറ്റാരുടെയൊക്കെയോ ആണ്.

അസുഖകരമായ ഓര്‍മകളെ സൗകര്യപൂര്‍വ്വം മറവിയുടെ കുടത്തില്‍ അടച്ചു സൂക്ഷിക്കുന്ന തെരുവ് നിവാസികള്‍ ആ പേര് കേട്ടാല്‍ കൈമലര്‍ത്തും. മകള്‍ കൊല്ലപ്പെട്ട് അധികം വൈകാതെ അമ്മ നഫീസ മരിച്ചിരുന്നു. പിതാവ് മുസ്തഫ പാലക്കാട് നഗരത്തിന്റെ മറ്റൊരു കോണില്‍ ചെറിയ കൈത്തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നു. സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി വേറെ ദേശാന്തരങ്ങളില്‍ എത്തി. സഹോദരന്മാര്‍ നസീറും അബ്ദുല്‍ സത്താറും ഉപജീവനം തേടി എന്നേ പുതുപ്പള്ളി തെരുവ് വിട്ടു.

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ നിന്നും കഷ്ടി ഒരു കിലോമീറ്റര്‍ മാത്രമേയുള്ളൂ പുതുപ്പള്ളി തെരുവിലേക്ക്. ജീവിച്ചിരുന്നു എങ്കില്‍ സിറാജുന്നീസ ഇന്ന് മുപ്പത്തിയാറ് വയസ്സുള്ള ഒരു യുവതിയാകുമായിരുന്നു.

തൊണ്ടിക്കുളം യു.പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യര്‍ത്ഥിനി. ഇന്നേക്ക് കൃത്യം ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട പൊലീസ് വെടിവച്ചു കൊല്ലുമ്പോള്‍ അവള്‍ക്ക് കക്ഷ്ടി പതിനൊന്ന് വയസ്സ്.

sirajunnisa1

സഹോദരിമാര്‍ക്കൊപ്പം മുറ്റത്ത് ഓടി കളിക്കുമ്പോള്‍ അവള്‍ കാക്കിയിട്ട കാപാലികരുടെ ധാര്‍ഷ്ട്യത്തിന് ഇരയാവുകയായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സംഘപരിവാര്‍ വിദ്വേഷ പ്രചാരണത്തിന് കേരളാ പൊലീസ് കുട ചൂടിയപ്പോള്‍ ഉണ്ടായ രക്തസാക്ഷി.

എന്ത് വിലകൊടുത്തും ഒരു മുസ്‌ലിം ഡെഡ്‌ബോഡി ഉണ്ടാക്കിയേ പറ്റൂ എന്ന് കീഴ്ജീവനക്കാര്‍ക്ക് വയര്‍ലെസ്സ് വഴി നിര്‍ദേശം കൊടുത്ത് സിറാജുന്നീസയുടെ ജീവനെടുത്ത രമണ്‍ ശ്രീവാസ്തവ എന്ന കരുണാകരന്റെ മാനസപുത്രനായ പോലീസ് ഓഫീസര്‍ പിന്നീട് ഇടതുവലത് സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഡി.ജി.പി വരെയായി.

ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സിറാജുന്നീസ വലിയൊരു മറവിയാണ്. അവളുടെ ദുരന്തം വോട്ടാക്കിയവര്‍ ഇന്ന് ആ പേര് ഉച്ചരിക്കുന്നില്ല. മതസമുദായ ശക്തികളേയും കാണാനില്ല. സ്വാഭാവികമായും മാധ്യമങ്ങളും അവളെ മറന്നിരിക്കുന്നു. സ്ത്രീ സംഘടനകളും സ്ത്രീ വിമോചനക്കാരും ഇങ്ങനെ ഒരു പേര് കേട്ടിട്ടേയില്ല. മനുഷ്യാവകാശ സംരക്ഷകരുടെ പട്ടികയിലും സിറാജുന്നീസ ഇല്ല.

മുറ്റത്തോടി കളിച്ചിരുന്ന പതിനൊന്നു വയസ്സുകാരിയെ കൊന്നതിന് പൊലീസ് പറഞ്ഞ ന്യായമാണ് ഏറ്റവും അപഹാസ്യം. തൊട്ടടുത്ത ബ്രാഹ്മണരുടെ തെരുവിന് തീവയ്ക്കാനും കൊള്ളയടിക്കാനും മുന്നൂറുപേരുടെ ഒരു ക്രിമിനല്‍ സംഘത്തെ അവള്‍ നയിച്ചുകൊണ്ട് പോവുക ആയിരുന്നത്രെ. ആ എഫ്.ഐ.ആര്‍ പരാമര്‍ശം തിരുത്താന്‍ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ വേണ്ടി വന്നു.

വിവാദമായപ്പോള്‍ ഇല്ലാത്ത വൈദ്യുതി പോസ്റ്റില്‍ തട്ടി തെറിച്ച വെടിയുണ്ടയാണ് കൊന്നതെന്നായി പൊലീസ്. വയര്‍ലെസ്സ് വഴി ശ്രീവാസ്തവ കൊടുത്ത ഉത്തരവ് അടക്കം വെടിവെപ്പിലേക്ക് നയിച്ച മുഴുവന്‍ കാരണങ്ങളും അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടും സാമുദായിക വെറിപൂണ്ട ശ്രീവാസ്തവയെ കരുണാകരന്‍ രക്ഷിച്ചെടുത്തു. പിന്നീട് വന്ന സര്‍ക്കാരുകള്‍ ആ ഫയല്‍ തുറന്നില്ല.

ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്ര വാസ്തവത്തില്‍ ഭിന്നിപ്പ് യാത്ര ആയിരുന്നു. കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് നടത്തിയ ആ യാത്ര ബാബറി മസ്ജിദ് തകര്‍ക്കലിനു പശ്ചാത്തലമൊരുക്കി നാടാകെ കലാപമുണ്ടാക്കി. അതിന്റെ ഭാഗമായി നടന്ന ഒരുപയാത്ര പുതുപ്പള്ളിയുടെ സമീപ ഗ്രാമമായ മേപ്പറമ്പില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി. അതേത്തുടര്‍ന്ന് നടന്ന പൊലീസ് ഭീകരതയാണ് സിറാജുന്നീസയുടെ കൊലയില്‍ കലാശിച്ചത്.

sirajunnisa

അന്നത്തെ ഷൊര്‍ണൂര്‍ എ.എസ്.പി സന്ധ്യ പുതുപ്പള്ളി തെരുവ് ശാന്തമാണെന്നും വെടിവെപ്പ് വേണ്ടെന്നും പറഞ്ഞിട്ടും ശ്രീവാസ്തവയ്ക്ക് വേണ്ടി ഡെപ്യൂട്ടി എസ്.പി ചന്ദ്രനും സംഘവും ആ ഭീകര കൃത്യം നടത്തി. സംഘ പരിവാര്‍ അജണ്ട നടപ്പായി. വെറുപ്പും വിദ്വേഷവും ഭയവും നാടിനെ ഗ്രസിച്ചു. അന്നുണ്ടായ ഭയം ഇന്നും പുതുപ്പള്ളി തെരുവിനെ വിട്ടൊഴിഞ്ഞിട്ടില്ല. പ്രഹസനമായ അന്വേഷണങ്ങള്‍ക്കും പൊലീസ് പറഞ്ഞത് മാത്രം കേട്ട് എഴുതിയ ജുഡീഷ്യല്‍ കമ്മീഷനും മുന്നില്‍ സിറാജുന്നീസയെ മറക്കുക മാത്രമേ പുതുപ്പള്ളി തെരുവിന് പോംവഴി ഉണ്ടായിരുന്നുള്ളു.

സുഹൃത്തും മലയാളത്തിന്റെ പ്രിയംകരനായ എഴുത്തുകാരനുമായ ടി.ഡി രാമകൃഷ്ണന് നന്ദി. സിറാജുന്നീസയെ മറവിയില്‍ നിന്നും വീണ്ടെടുക്കുന്നതിന്. ഒപ്പം ഈ ഒരു വാര്‍ത്ത അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പ്രസിദ്ധീകരിച്ച ദി ഹിന്ദുവിന്റെ പത്രാധിപ സമിതിക്കും. മറവി രോഗം നാടെങ്ങും പടരുന്ന കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം ആണത്.


ദ ഹിന്ദു സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ.എ ഷാജി ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.