ഗസസിറ്റി: ഗസയില്‍ ഇസ്രഈല്‍ വംശഹത്യയെത്തുടര്‍ന്ന് കൊല്ലപ്പെട്ട നൂറിലധികം പേരുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഇസ്രഈല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തവരുടെ മൃതദേഹങ്ങളും ഭൗതിക അവശേഷിപ്പുകളുമാണ് ഗസ സിറ്റിയിലെ സെയ്തൂണ്‍ പ്രദേശത്ത് കൂട്ടമായി സംസ്‌കരിച്ചതെന്ന് അനഡോളു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും അടക്കം ആയിരക്കണക്കിന് പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഫലസ്തീന്‍ പതാകകള്‍ പുതച്ച ഭൗതിക ശരീരങ്ങളുമായി നടത്തിയ അനുശോചന യാത്രയിലും ഇവര്‍ പങ്കാളികളായിരുന്നു.
മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഗസ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ ചടങ്ങില്‍ അനുസ്മരണ പ്രസംഗം നടത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ചടങ്ങില്‍ സംസാരിച്ചു. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സെയ്തൂണ്‍ പ്രദേശത്തുള്ള അല്‍-അഹ്ലി സ്മാശാനത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയെന്ന് കരുതുന്നതായും അനഡോളു റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയവരെ കണ്ടെത്താനായുള്ള ദൗത്യം സിവില്‍ ഡിഫന്‍സ് ടീം തുടര്‍ന്നു വരികയാണ്. ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലാണ് 100 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
റഹീം, ബലവി, മലാക്ക, ഖാന്‍ബോര്‍, സാല്‍മി എന്നീ കുടുംബങ്ങളില്‍പ്പെട്ടവരുടെ ശരീരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ടര വര്‍ഷം മുമ്പ് ഇസ്രായേല്‍ സൈന്യം നിരവധി വീടുകള്‍ ആക്രമിച്ചപ്പോളാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു.
മലാക്ക കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയവയില്‍ കൂടുതലുമെന്നാണ് വിവരം. മലാക്ക കുടുംബത്തിലെ 55 പേരായിരുന്നു രണ്ടര വര്‍ഷം മുമ്പ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
അവശിഷ്ടങ്ങള്‍ തിരയാന്‍ ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികളും ഉപകരണങ്ങളും പ്രദേശത്തേക്ക് എത്തിക്കുന്നതില്‍ ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വളരെ കുറച്ച് എക്സ്‌കവേറ്ററുകളും മറ്റ് ഉപകരണങ്ങളും അടക്കം പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് സിവില്‍ ഡിഫന്‍സ് ടീം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നത്.
ഈ വര്‍ഷം ഓഗസ്റ്റിലും സമാനമായ കൂട്ട സംസ്‌കാര ചടങ്ങ് ഗസയില്‍ നടന്നിരുന്നു. ഗസസിറ്റിയിലെ സാബ്രയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ 112 പേരുടെ സംസ്‌കാരമാണ് ഓഗസ്റ്റ് ആദ്യവാരം നടന്നത്.
അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയവരെ കണ്ടെത്താനായുള്ള ദൗത്യത്തിന്റെ രണ്ടാ ഘട്ടത്തില്‍ ഗസസിറ്റിയിലും ഗസയുടെ വടക്കന്‍ മധ്യമേഖലകളിലുമാണ് തിരച്ചില്‍ നടത്തുന്നത്. 800 മണിക്കൂറോളം ഇതിനായി സമയം വേണ്ടി വരും.
തകര്‍ന്ന 147 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തേണ്ടി വരും. ആകെ 1,072 പേരുടെ മൃതദേഹങ്ങള്‍ ഈ മേഖലകളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുകിടക്കുന്നതായാണ് കണക്കാക്കുന്നത്.
ഈ വര്‍ഷം ജൂലൈ 19നാണ് തിരച്ചില്‍ ദൗത്യത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ആദ്യ ഘട്ടം 2025 നവംബര്‍ അവസാനത്തോടെ ആരംഭിച്ച് 500 മണിക്കൂര്‍ തിരച്ചില്‍ നടത്തിയിരുന്നു. 54 വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 559 പേരെ കണ്ടെത്താനായാണ് ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടത്തിയത്. ഇതില്‍ 333 പേരുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ടീം കണ്ടെടുത്തിരുന്നു.
ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ കണ്ടെത്തിയത് അസ്ഥികളുടെ അവശിഷ്ടങ്ങളും മരിച്ചവരുടെ പക്കലുണ്ടായിരുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങളുമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ അടക്കം ഭൗതിക അവശിഷ്ടങ്ങള്‍ ഇതിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈല്‍ അധിനിവേശം കാരണമാണ് ഈ പ്രക്രിയ നീണ്ടുപോയത്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനെ ഇസ്രഈല്‍ തടയുന്നുണ്ട്. അതിനാല്‍ പൂര്‍ണായ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാണാതായ ആയിരക്കണക്കിന് പേര്‍ക്കായി തിരച്ചില്‍ നടത്താന്‍ തങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് സര്‍വീസ് മേധാവി റായ്ദ് അല്‍ ദഹ്ഷാന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വലിയ യന്ത്രങ്ങളില്ലാത്തതിനാല്‍ ആ ദൗത്യം പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഏകദേശം 8,000 മൃതദേഹങ്ങള്‍ ശരിയായ ഉപകരണങ്ങള്‍ ഉപയോഗിച്ചല്‍ ഏകദേശം 90 ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ വലിയ ഉപകരണങ്ങള്‍ ഗസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രഈല്‍ വിലക്കിയതിനാല്‍ ഇനി വര്‍ഷങ്ങളെടുത്ത് മാത്രമേ ഈ മൃതദേഹങ്ങള്‍ കണ്ടെത്താനാവൂ എന്നും അല്‍ ദഹ്ഷാന്‍ പറഞ്ഞു.
Content Highlight: Palestinians in Gaza bury remains of 100 people recovered from rubble
