ബെയ്‌റൂട്ട്: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 8920 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം. ആക്രമണങ്ങളില്‍ 30,595 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു.

2023 ഒക്ടോബര്‍ മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ 4,358 പേര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷം മാര്‍ച്ചിന് ശേഷമാണ്. 12,359 പേര്‍ക്ക് മാര്‍ച്ചിന് ശേഷം ഇസ്രഈല്‍ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

മാര്‍ച്ച് രണ്ട് മുതല്‍ ലെബനനില്‍ 135 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെ 179 ഇസ്രായേലി ആക്രമണങ്ങള്‍ നടന്നതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലെബനനെതിരെയുള്ള ഇസ്രഈലിന്റെ ഏറ്റവും പുതിയ യുദ്ധം ആരംഭിച്ചത് ഈ വര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു. അന്നേ ദിവസം ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ വര്‍ഷം ജൂണില്‍ യു.എസിന്റെ മധ്യസ്ഥതയില്‍ ലെബനനും ഇസ്രഈലും രണ്ട് സമാധാന കരാറുകള്‍ ഒപ്പുവച്ചെങ്കിലും ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

ഇസ്രഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ലെബനനില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ കുറഞ്ഞത് 360,000 പേര്‍ കുടിയിറക്കപ്പെട്ടതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി ആര്‍ അറിയിച്ചിരുന്നു. ഇതില്‍ 22,000 പേര്‍ കൂട്ടമായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുകയാണെന്നും യു.എന്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് മുതല്‍ ഇസ്രഈല്‍ തെക്കന്‍ ലെബനനില്‍ സൈനിക അധിനിവേശം തുടരുകയാണ്. തെക്കന്‍ ലെബനനില്‍ ഒരു ബഫര്‍ സോണ്‍ തയ്യാറാക്കുകയാണെന്ന് പറഞ്ഞാണ് ഇസ്രഈല്‍ ആ മേഖലയില്‍ സ്ഥിരം സൈനിക സാന്നിധ്യം ആരംഭിച്ചത്.

സമീപ ദിവസങ്ങളിലും ലെബനനില്‍ ഇസ്രഈലി ആക്രമണത്തെത്തുടര്‍ന്നുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച, തെക്കന്‍ ലെബനനിലെ ഖ്ഫാര്‍ റെമാന്‍ പട്ടണത്തില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ടയര്‍, നബാത്തിഹ് ജില്ലകളിലെ ഏഴ് പട്ടണങ്ങളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും നടത്തിയതായി ലെബനന്റെ സ്റ്റേറ്റ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണങ്ങളില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ ലെബനനിലെ സവ്തര്‍ അല്‍-ഷര്‍ഖിയയില്‍ ഇസ്രഈല്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള ബോംബാക്രമണങ്ങളും നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,651 ആയി ഉയര്‍ന്നതായി പ്രദേശത്തെ ആരോഗ്യ വിഭാഗം അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 174,575 പേര്‍ക്ക് ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റു.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗസയില്‍ 1,345 പേര്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 286 കുട്ടികളും 138 സ്ത്രീകളും 41 വൃദ്ധരും ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ മാത്രം 4,464 പേര്‍ക്ക് ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ രിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗസയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 17 മൃതദേഹങ്ങള്‍ ലഭിച്ചതായാണ് പ്രദേശത്തെ ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച മാത്രം ഇസ്രഈല്‍ 23 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസയില്‍ കഴിഞ്ഞ വര്‍ഷം അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ആകെ 4,648 തവണയാണ് ഇസ്രഈല്‍ ഇതുവരെ ലംഘിച്ചത്.

Content Highlight: Nearly 9,000 killed in Israeli attacks on Lebanon since 2023