മലയാള സിനിമയുടെ മുഖമായി പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇന്ന് ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം ലക്കി ബാസ്‌കര്‍, സീതാരാമം, തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ തെലുങ്കിലും താരം വലിയ ഫാന്‍ബേസ് സൃഷ്ടിച്ചെടുത്തിരുന്നു. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം ദുല്‍ഖര്‍ മോളിവുഡില്‍ നായകനായെത്തിയ ചിത്രമായിരുന്നു പുറത്തിറങ്ങിയ ഐ ആം ഗെയിം.

ഐ ആം ഗെയിം. Photo: X.com

വമ്പന്‍ സ്‌കെയിലില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആര്‍.ഡി.എക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്താണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹോം ടെറിട്ടറിയിലേക്കുള്ള തന്റെ തിരിച്ചുവരവിന് എല്ലാ മുന്നൊരുക്കങ്ങളുമായാണ് ദുല്‍ഖര്‍ എത്തിയത്. താരത്തിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസായ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ കഥ കേട്ടത് മുതല്‍ തന്നെ ദുല്‍ഖര്‍ എക്‌സൈറ്റഡായിരുന്നുവെന്നും കഥയിലേക്ക് അത്രയും ഇന്‍ ആയിട്ടാണ് താരം ഐ ആം ഗെയ്മില്‍ അഭിനയിച്ചതെന്നും പറയുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത്. ഐ ആം ഗെയ്മിന്റെ റിലീസിന് ശേഷം ഓണ്‍ലൈന്‍ ചാനലായ സില്ലിമോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിത്രത്തിലെ ഓരോ പോര്‍ഷന്‍ ഷൂട്ട് ചെയ്യുമ്പോഴും അദ്ദേഹം വളരെ ഇന്‍ട്രസ്റ്റിലായിരുന്നു. ചിത്രത്തിലെ ബാര്‍ ഫൈറ്റ് അടക്കം ഓരോ സീനും എപ്പോഴാണ് ഷൂട്ട് ചെയ്യുന്നത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു. പെര്‍ഫോം ചെയ്യാന്‍ ഒരു അവസരം കിട്ടിക്കഴിഞ്ഞാല്‍, ആ ഏരിയ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. ഓരോ സീനും വ്യത്യസ്തമാണ്. ബാര്‍ ഫൈറ്റ് പോലെ അല്ല, ഇന്റര്‍വെല്‍ ഫൈറ്റ് ഇരിക്കുന്നത്, അതുപോലെയല്ല അനസ്‌തേഷ്യ സീന്‍ ഇരിക്കുന്നത്.

നഹാസ് ഹിദായത്ത് . Photo: Ott Play

അതുകൊണ്ട് തന്നെ ഓരോ സീനിന്റെയും കഥ കേള്‍ക്കുമ്പോള്‍ തന്നെ പുള്ളി ഒരു പരിപാടി സെറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് ചെയ്യാന്‍ ഭയങ്കര എക്‌സൈറ്റഡും ആണ്. ഇത് എഴുതിവെക്കാന്‍ നമുക്ക് പറ്റും, ഇത് സംവിധാനം ചെയ്യാനും സാധിക്കും, അത് അഭിനയിച്ച് ഫലിപ്പിക്കാനാണ് പ്രയാസം. ആള്‍ ചെയ്യുന്നതാണ് മേക്ക് ബിലീഫ്, അത് വര്‍ക്കായാലേ സിനിമ വര്‍ക്കാവുള്ളൂ. അത് നൂറ് ശതമാനം ഇട്ടാണ് അദ്ദേഹം ചെയ്യുന്നത്. പല സീനിലും എനിക്ക് വണ്‍സ് മോര്‍ പോലും പറയേണ്ട കാര്യമില്ല. അല്ലെങ്കില്‍ എന്തെങ്കിലും മിസ്‌റ്റേക്ക് പറ്റിയാല്‍ അദ്ദഹം തന്നെ പറയും അത് നമുക്ക് ഒരിക്കല്‍ കൂടെ ചെയ്യാമെന്ന്,’ നഹാസ് പറഞ്ഞു.

Content Highlight: Director Nahas Hidayath talks about Dulquer Salmaan and his performance in I’m Game