N ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സിഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന് പങ്കില്ലെന്ന് കേസ് അന്വേഷണത്തിനായി സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ കമ്മറ്റി. എന്നാല്‍ എന്‍ ശ്രീനിവാസനും മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഒരു കളിക്കാരന്റെ ചട്ടവിരുദ്ധ നടപടികകളെ കുറിച്ച് അറിയാമായിരുന്നെന്നും എന്നിട്ടും നടപടികളൊന്നുമെടുത്തില്ലെന്നും കമ്മറ്റി സുപ്രീംകോടതിയില്‍ പറഞ്ഞു.

എന്നാല്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പുമായി ബന്ധമുണ്ടെന്നുള്ളതിന് തെളിവുകളുണ്ടെന്നും കമ്മറ്റി കൂട്ടിച്ചേര്‍ത്തു. മെയ്യപ്പന്‍ ഒരു വ്യക്തിയുമായി(പേര് വെളിപ്പെടുത്തിയിട്ടില്ല) നിരന്തരമായി ഒരു ഹോട്ടലില്‍ വച്ച് കാണാറുണ്ടായിരുന്നു എന്നും ഇത് ഇവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനുള്ള തെളിവാണെന്നും കമ്മറ്റി കണ്ടെത്തി. എന്‍ ശ്രീനിവാസന്‍,മെയ്യപ്പന്‍, ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, ഐ.പി.എല്‍ മുന്‍ സി.ഇ.ഒ സുന്ദര്‍ രാമന്‍ എന്നിവരെ പറ്റിയുള്ള റിപ്പോര്‍ട്ടിന്റെ ഭാഗം പുറത്ത് വിടാന്‍ കഴിഞ്ഞദിവസം സുപ്രീംകോടതി അനുമതി വന്നിരുന്നു.

ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ നിയമങ്ങള്‍ക്കെതിരായി രാജസ്ഥാന്‍ ടീം ഉടമ രാജ് കുന്ദ്രയും വാതുവെപ്പിലേര്‍പ്പെട്ടതായും കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐ.പി.എല്‍ ചീഫ് ഓപറേറ്റിങ് ഉദ്യോഗസ്ഥന്‍ സുന്ദര്‍ രാമനും വാതുവെപ്പുകാരുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ അവര്‍ വാതുവെപ്പില്‍ ബന്ധമുള്ളവരാണെന്ന് സുന്ദര്‍ രാമനറിയില്ലായിരുന്നു. പക്ഷെ മെയ്യപ്പനെ കുറിച്ചും കുന്ദ്രയെകുറിച്ചുമുളള വിവരങ്ങള്‍ തനിക്ക് ലഭിച്ചിരുന്നതായി ഇദ്ദേഹം സമ്മതിച്ചു.

അതേസമയം, മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സുപ്രീംകോടതി വിലക്കി. ബിസിസിഐയുടെ പൊതുയോഗം മാറ്റിവയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.