ജപ്പാനെതിരായ വണ്‍ ഓഫ് ടി-20യില്‍ വിജയം നേടി ഇന്ത്യ. സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്ണിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 33 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് 30 റണ്‍സ് മാത്രമാണ് നേടാനായത്.

മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സിനും ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സിനും മടങ്ങി.

12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരം. ഒമ്പത് റണ്‍സടിച്ച സഞ്ജു സാംസണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ അഞ്ച് ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

ജപ്പാനായി ചാര്‍ളി ഹിന്‍സെ രണ്ട് വിക്കറ്റും ബെഞ്ചമിന്‍ ഇറ്റോ ഡേവിസ്, ഇബ്രാഹിം തകഹാഷി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് ആദ്യ രണ്ട് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ കെന്‍ഡല്‍ കഡോവാക്കി-ഫ്‌ളെമിങ് ചെറുത്തുനിന്നു. 12 പന്തില്‍ 12 റണ്‍സ് നേടിയാണ് ഫ്‌ളെമിങ് പുറത്തായത്.

ബെഞ്ചമനിന്‍ ഇറ്റോ ഡേവിസ് പുറത്താകാതെ ഒമ്പത് റണ്‍സ് നേടി രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി.

അക്‌സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. എന്നാല്‍ അക്‌സര്‍ അത് കൃത്യമായി ഡിഫന്‍ഡ് ചെയ്തതോടെ ജപ്പാന്റെ പോരാട്ടം 30/3ന് അവസാനിക്കുകയായിരുന്നു.

 

Content Highlight: India defeated Japan