കഴിഞ്ഞ വര്‍ഷം നേടിയ ഏഷ്യാ കപ്പ് കിരീടത്തിനൊപ്പം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലും സ്വന്തമാക്കി വന്‍കരയുടെ വമ്പന്‍മാര്‍ തങ്ങള്‍ തന്നെയാണെന്ന് അടിവരയിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
സെപ്റ്റംബര്‍ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് എ-യില്‍ നിന്നുള്ള രണ്ടാം സ്ഥാനക്കാര്‍ക്കെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ആദ്യ മത്സരം.
സൂപ്പര്‍ താരങ്ങളുടെ മികച്ച ഫോം തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ഈയിടെ അവസാനിച്ച ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡലിലേക്ക് കുതിക്കാന്‍ അനായാസം ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

Photo: BCCI/x.com
അഫ്ഗാനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ 127 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. നീലപ്പട ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ സിംഹങ്ങള്‍ 94 റണ്‍സിന് പുറത്തായി.
ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ സെഞ്ച്വറിയും സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയും നേടി. അഭിഷേക് 34 പന്തില്‍ 108 റണ്‍സടിച്ചപ്പോള്‍ 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി-20യില്‍ നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു ബാക്ക് ടു ബാക്ക് അര്‍ധ സെഞ്ച്വറികളുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മോശം പ്രകടനത്തിന് പിന്നാലെ വിമര്‍ശിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിച്ചാണ് താരം തിളങ്ങുന്നത്.

Photo: BCCI/x.com
അന്താരാഷ്ട്ര ടി-20യില്‍ 61 ഇന്നിങ്‌സുകള്‍ കളിച്ച താരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ കളത്തിലിറങ്ങിയത് 43 ഇന്നിങ്‌സുകളാണ്. ഈ 43 ഇന്നിങ്‌സുകളിലെ പ്രകടനമാണ് സഞ്ജുവിനെ ഈ കണക്കില്‍ ഒന്നാമതെത്തിക്കുന്നത്
വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളത്തിലിറങ്ങിയ ആദ്യ 43 അന്താരാഷ്ട്ര ടി-20കളില്‍ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റ് സഞ്ജുവിനാണ്. 164ലധികം പ്രഹരശേഷിയിലാണ് വിക്കറ്റ് കീപ്പര്‍ സഞ്ജു ബാറ്റ് വീശുന്നത്. ജോസ് ബട്‌ലര്‍ (140.0+), റഹ്മാനുള്ള ഗുര്‍ബാസ് (139.0+), ക്വിന്റണ്‍ ഡി കോക്ക് (137.0+) എന്നിവരേക്കാള്‍ മികച്ച സ്‌ട്രൈക് റേറ്റ് താരത്തിനുണ്ട്.

Photo: BCCI/x.com
ഇതിന് പുറമെ ആദ്യ 43 ടി-20ഐകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളില്‍ ഒന്നാമനും സഞ്ജുവാണ്. സഞ്ജു 78 സിക്‌സറുകള്‍ നേടിയപ്പോള്‍ ഗുര്‍ബാസ് 70 സിക്‌സറും നേടിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ മൂന്നാമതുള്ള ബ്രെണ്ടന്‍ മക്കെല്ലം 58 സിക്‌സറും നിക്കോളാസ് പൂരന്‍ 57 സിക്‌സറും അടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ഏഷ്യന്‍ ഗെയിംസിന് പിന്നാലെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലും സഞ്ജു ഇന്ത്യന്‍ ജേഴ്‌സി അണിയും. അഞ്ച് ടി-20കളാണ് ഈ പരമ്പരയിലുള്ളത്.
Content Highlight: Sanju Samson’s brilliant performance as Wicket Keeper Batter
