ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഗോള്‍ഡ്. കരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 147 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 69ന് പുറത്താവുകയായിരുന്നു.
നേരത്തെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കിരീടമണിഞ്ഞ ഇന്ത്യ, ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസും വിജയിച്ച് വന്‍കരയുടെ ഒരേയൊരു ചാമ്പ്യന്‍മാരായി മാറിയിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്മൃിത മന്ഥാനയുടെ അര്‍ധ സെഞ്ച്വറിയുടെയും റിച്ച ഘോഷ്, ഷെഫാലി വര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
ആദ്യ വിക്കറ്റില്‍ ഷെഫാലിയും മന്ഥാനയും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 48 റണ്‍സ് നേടിയ ഷെഫാലി വര്‍മയെ മടക്കി ചാമുദി പ്രബോധയാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍മനെ ഒപ്പം കൂട്ടി മന്ഥാന 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ 19 റണ്‍സ് നേടിയാണ് ഹര്‍മന്‍ മടങ്ങിയത്.
നാലാം നമ്പറില്‍ റിച്ച ഘോഷെത്തിയോടെ മന്ഥാന കൂടുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി.
ടീം സ്‌കോര്‍ 163ല്‍ നില്‍ക്കവെ 45 പന്തില്‍ 79 റണ്‍സുമായി മന്ഥാന മടങ്ങി.
വൈസ് ക്യാപ്റ്റന്‍ പുറത്തായെങ്കിലും ശേഷമെത്തിയ ഭാരതി ഫുള്‍മാലിയെ ഒരറ്റത്ത് നിര്‍ത്തി റിച്ച തകര്‍ത്തടിച്ചു. 22 പന്തില്‍ പുറത്താകാതെ 49 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 216ലെത്തി.
ശ്രീലങ്കയ്ക്കായി ചാമുദി പ്രബോധ, കവിഷ ദില്‍ഹാരി, സുഗന്ധിക കുമാരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ തളച്ചിട്ടു.
രണ്ട് താരങ്ങള്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 21 പന്തില്‍ 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവാണ് ടോപ്പ് സ്‌കോറര്‍. 13 പന്തില്‍ 11 റണ്‍സ് നേടിയ കവിഷ ദില്‍ഹാരിയാണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം.
ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെഫാലി വര്‍മ, ശ്രീ ചാരിണി, ശ്രേയാങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
Content highlight: India defeated to Sri Lanka to win Asian Games Gold Medal
