മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉര്‍വശിയുടേയത്. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉര്‍വശി തന്റെ പതിമൂന്നാം വയസില്‍ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് സഹനടിയായും ഹാസ്യതാരമായും ഒട്ടനവധി റോളുകളിലാണ് ഉര്‍വശി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2024ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിരുന്നു.

ഉര്‍വശി. Photo: X.com

ഉര്‍വശിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പുതുമുഖ സംവിധായകനായ സനല്‍ സഫര്‍ സംവിധാനം ചെയ്ത ആശ. ജോജു ജോര്‍ജ്, രമേശ് ഗിരിജ, സഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉര്‍വശി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണം സ്വന്തമാക്കുകയും ദിനംപ്രതി ഷോകള്‍ വര്‍ധിപ്പിച്ച് മുന്നേറുകയുമാണ്.

ചിത്രവുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സഹോദരിയും മലയാള സിനിമയിലെ അതുല്യ കലാകാരിയുമായ അന്തരിച്ച കല്പനയെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്നത്തെ കാലത്ത് ജീവിച്ചിരിക്കേണ്ട ആളായിരുന്നു കല്പനയെന്നും ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു സഹോദരിയുടെ ആഗ്രഹമെന്നും ഉര്‍വശി പറഞ്ഞു.

ഉര്‍വശിയും കല്പനയും. Photo: X.com

‘എല്ലാ തലമുറയിലുള്ളവര്‍ക്കും എല്ലാ പ്രായക്കാര്‍ക്കും അവളെ ഇഷ്ടമായിരുന്നു. സിനിമയെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചവളാണ് അവള്‍. ഓരോ ദിവസവും ഞാന്‍ പറയും, ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു അവള്‍. കാരണം അവളുടെ മനസ് മുഴുവന്‍ ഗൗരവമുള്ള സിനിമയായിരുന്നു. ഇന്ദ്രന്‍സേട്ടനെയും ജഗദീഷേട്ടനെയും കാണുമ്പോള്‍ ഞാന്‍ അവളെ ഓര്‍മിക്കും. എല്ലാ തലമുറയിലുള്ളവര്‍ക്കും എല്ലാ പ്രായക്കാര്‍ക്കും അവളെ ഇഷ്ടമായിരുന്നു. സിനിമയെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചവളാണ് അവള്‍,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi talks about her demised sister Kalpana