സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് അടുത്തിടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയോടൊപ്പം ബാഴ്‌സലോണയില്‍ കളിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരുന്നു. കളിക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള താരങ്ങളെ മികച്ചവരാക്കി മാറ്റാന്‍ മെസിക്ക് കഴിയുമെന്ന് സാവി പറഞ്ഞു. മെസിയുടെ അടുത്തെങ്ങും മറ്റൊരു താരത്തിനും എത്താന്‍ സാധിക്കില്ലെന്നും സ്പാനിഷ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു. റൊമാരിയോ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സാവി ഇക്കാര്യം പറഞ്ഞത്.

ലയണൽ മെസി. Photo: Sudanalytics/x.com

‘ഉടനെയൊന്നും മെസിയെ പോലൊരു താരം ഫുട്‌ബോളില്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപാട് വര്‍ഷം ഞാന്‍ അവനൊപ്പമുണ്ടായിരുന്നു. എല്ലാ കാര്യത്തിലും അവന്‍ മികച്ചവനായിരുന്നു. ടെക്‌നിക്കല്‍ കാര്യത്തിലും ശാരീരികമായും കരുത്തനായിരുന്നതിനൊപ്പം തന്നെ മത്സരങ്ങളെ മനസിലാക്കുന്നതിലും മെസി മിടുക്കനായിരുന്നു.

അവന്റെ ദുര്‍ബലമായ കാലുകള്‍ക്ക് പോലും അവിശ്വസനീയമായ കരുത്തുള്ളതായിരുന്നു. മെസി അജയ്യനായ താരമായിരുന്നു, അവനൊരു പ്രതിഭാസമാണ്. നമ്മള്‍ പന്ത് പാസ് ചെയ്താല്‍ മെസി കളിയെ മെച്ചപ്പെടുത്തും. കൂടാതെ നമ്മളെയും മികച്ച താരമാക്കി മാറ്റും.

ലയണൽ മെസ്സി

ചില സമയങ്ങളില്‍ പന്ത് അവന് പാസ് ചെയ്യാതെ മറ്റാര്‍ക്കെങ്കിലും നല്‍കിയാല്‍ ദേഷ്യപ്പെടുമായിരുന്നു. എന്താണ് നിങ്ങള്‍ ചെയ്യുന്നത്? എനിക്ക് പന്ത് തരൂ, എന്റെ അടുത്ത് വന്ന് കളിക്കൂ എന്നാണ് അവന്‍ പറയുക,’ സാവി പറഞ്ഞു.

ബാഴ്‌സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബര്‍ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്സയ്ക്കൊപ്പം നേടിയത്.

2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാര്‍ അവസാനിക്കുമ്പോള്‍ ബാഴ്‌സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം മെസിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞില്ല.

ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി. മാത്രമല്ല അടുത്തിടെ അന്താരാഷ്ട്ര ഫുടബോള്‍ കരിയറില്‍ നിന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയ നിരാശയും സമ്മാനിച്ചിരുന്നു.

Content Highlight: Xavi Hernandez Praises Football Legend Lionel Messi