'അങ്ങയുടെ നേതൃത്വം ചരിത്രത്തില്‍ രേഖപ്പെടുത്തും'; കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍
COVID-19
'അങ്ങയുടെ നേതൃത്വം ചരിത്രത്തില്‍ രേഖപ്പെടുത്തും'; കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 7:47 pm

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് പിണറായി വിജയന് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ മോഹന്‍ലാല്‍ അഭിനന്ദിച്ചു.

‘എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്. ഈ മഹാമാരിയെ ചെറുക്കുന്നതിന് താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കും. ഈ മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായി അന്‍പതു ലക്ഷം രൂപ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക, എല്ലാവിധ ആശംസകളും.’ എന്നായിരുന്നു മോഹന്‍ലാലിന്റെ കത്ത്.

നേരത്തെ മലയാള സിനിമാമേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്തു ലക്ഷം രൂപ കൈമാറിയിരുന്നു.

അതേസമയം കൊവിഡ് 19നുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പതിനെട്ട് ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പര്‍ 2 എന്ന പേരില്‍ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങും.

ട്രഷറിയിലും ഇതേ പേരില്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.