ഗോളടിക്കാതെ ചരിത്രം കുറിക്കാന്‍ മെസി; അപൂര്‍വ നേട്ടം കണ്മുന്നില്‍
Football
ഗോളടിക്കാതെ ചരിത്രം കുറിക്കാന്‍ മെസി; അപൂര്‍വ നേട്ടം കണ്മുന്നില്‍
Sudev A
Wednesday, 27th May 2026, 7:45 pm

2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ജൂണ്‍ 17ന് അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.

ഈ ലോകകപ്പില്‍ കളത്തിലിറങ്ങുമ്പോള്‍ മെസിക്ക് ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ലോകകപ്പില്‍ ഒരു അസിസ്റ്റ് കൂടി നേടാന്‍ സാധിച്ചാല്‍ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ അസിസ്റ്റ് നേടുന്ന ആദ്യ താരമായി മാറാന്‍ മെസിക്ക് സാധിക്കും.

ഇതുവരെ കളിച്ച അഞ്ച് ലോകകപ്പില്‍ എട്ട് തവണയാണ് മെസി സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചിട്ടുണ്ട്. ലോകകപ്പില്‍ 27 മത്സരങ്ങളില്‍ നിന്നും 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസി ഇതുവരെ നേടിയിട്ടുള്ളത്.

2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി-യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. 2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും.

സൗത്ത് അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഒന്നാമതായാണ് ലയണൽ മെസിയും സംഘവും ലോകകപ്പിൽ ഇടം നേടിയത്. അടുത്തിടെ അവസാനിച്ച സൗഹൃദ മത്സരങ്ങളില്‍ മിന്നും വിജയങ്ങളാണ് അര്‍ജന്റീന സ്വന്തമാക്കിയത്. സാമ്പിയക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയം കൈവരിച്ച അര്‍ജന്റീന മൗറ്റിറ്റാനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെടുത്തി.

അതേസമയം മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരിക്കേറ്റ മെസി സ്വയം കളം വിടുകയായിരുന്നു. ഇടത് കാലിന് പരിക്കേറ്റ മെസി പകരക്കാരനെ ഇറക്കാന്‍ പരിശീലകനോട് ആവശ്യപ്പെടുകയായിരുന്നു. എങ്കിലും മെസി ലോകകപ്പില്‍ ഫിറ്റ്‌നസോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Lionel Messi need one assist to set rare record in world cup

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.