700 കടന്നും മുന്നേറി പൂരന്‍; മാര്‍ഷ് ഷോയിലും മുന്നേറ്റം
Cricket
700 കടന്നും മുന്നേറി പൂരന്‍; മാര്‍ഷ് ഷോയിലും മുന്നേറ്റം
ഫസീഹ പി.സി.
Thursday, 7th May 2026, 10:59 pm

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മഴ മൂലം 19 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ മൂന്ന് വിക്കറ്റിന് 209 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ നിക്കോളാസ് പൂരന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. 23 പന്തുകള്‍ നേരിട്ട് 38 റണ്‍സാണ് താരം നേടിയത്. ഒരു സിക്സും നാല് ഫോറുകളും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. താരം ബാറ്റേന്തിയത് 165.22 സ്‌ട്രൈക്ക് റേറ്റിലായിരുന്നു.

നിക്കോളാസ് പൂരൻ. Photo: IndianPremierLeague/x.com

ഈ ഇന്നിങ്‌സിനിടെ പൂരന്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ടി – 20യില്‍ 700 ഫോറുകള്‍ എന്ന നാഴികക്കല്ലാണ് താരം പിന്നിട്ടത്. മത്സരത്തില്‍ മൂന്ന് ഫോറുകള്‍ അടിച്ചാണ് വിന്‍ഡീസ് ബാറ്റര്‍ ഈ നേട്ടത്തിലെത്തിയത്.

426ാം ഇന്നിങ്സിലാണ് 700 എന്ന സംഖ്യയില്‍ പൂരന്‍ എത്തിയത്. നിലവില്‍ താരത്തിന് ടി – 20 യില്‍ 701 ഫോറുകളുണ്ട്. വിവിധ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് താരം ഈ നേട്ടം കുറിച്ചത്.

മത്സരത്തില്‍ ലഖ്നൗവിനായി മാര്‍ഷ് 56 പന്തില്‍ ഒമ്പത് വീതം സിക്‌സുകളും ഫോറുകളും അടക്കം 111 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം പത്ത് പന്തില്‍ 32 റണ്‍സെടുത്ത് ക്യാപ്റ്റന്‍ റിഷബ് പന്ത് പുറത്താവാതെ നിന്നു.

മിച്ചല്‍ മാര്‍ഷ്. Photo: IndianPremierLeague/x.com

ഏയ്ഡന്‍ മാര്‍ക്രം ഒരു റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിക്ക് 24 പന്തില്‍ 17 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

ആര്‍.സി.ബിക്കായി ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹെയ്‌സല്‍വുഡ്, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: IPL 2026: LSG vs RCB: Nicholas Pooran completed 700 fours in T20 cricket

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി