India-Hockey: ഭുവനേശ്വര്‍: സമനിലയില്‍ അവസാനിച്ച ആദ്യ മത്സരത്തിനു ശേഷം ഇന്ത്യയും ജപ്പാനും രണ്ടാം അങ്കത്തിനൊരുങ്ങുന്നു. നാളെയാണ് രണ്ടാം മത്സരം. നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമുകളും കാഴ്ച്ച വെച്ചതെങ്കിലും കളി 1-1 ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ജപ്പാനില്‍ നിന്നും ശക്തമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും ആദ്യ മത്സരത്തില്‍ ഇന്ത്യ ശക്തമായ പ്രതിരോധമാണ് ഇന്ത്യ തീര്‍ത്തത്.

അതുകൊണ്ടുതന്നെ. രണ്ടാം മത്സരത്തില്‍ ടീം വിജയത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജപ്പാന്റെ ലോംഗ് പാസുകളെ കൈകാര്യം ചെയ്യുക അതുപോലെ ജപ്പാന്‍ ടീം പക്ഷത്ത് പന്ത് നിലനിര്‍ത്തി ഗോള്‍ അവസരങ്ങള്‍ ഒരുക്കുക എന്നിവയാണ് ഇന്ത്യക്ക് അടുത്ത കളിയില്‍ ശ്രദ്ധിക്കേണ്ടി വരിക.

പെനാല്‍റ്റി കോര്‍ണറില്‍ ഇന്ത്യ ജപ്പാനേക്കാള്‍ മികച്ചതാണ്. വി.ആര്‍ രഘുനാഥ്, ബിരേന്ദ്ര ലഖ്‌റ, സ്‌കിപ്പര്‍ സര്‍ദാര്‍ സിങ് തുടങ്ങിയ വിദഗ്ദരുടെ സാന്നിധ്യമാണ് ഇന്ത്യയെ ശക്തമാക്കുന്നത്. ഭൂരിഭാഗം പെനാല്‍റ്റി കോര്‍ണറുകളും ഗോളില്‍ അവസാനിപ്പിക്കാനുള്ള മികവ് ഇന്ത്യക്കുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ജപ്പാന്‍ ദുര്‍ഡബലമാണ്. കഴിഞ്ഞ കളിയില്‍ ജപ്പാന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അവസരങ്ങള്‍ വിജയകരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷിനെ മറികടക്കാനും ജപ്പാന്‍ ഏറെ പ്രയാസമാണ്.

കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ലെന്നും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും പരിശീലനത്തിനിടെ ഇന്ത്യന്‍ കോച്ച് പോള്‍ വാന്‍ ആസ്സ് പറഞ്ഞു. അതേസമയം റാങ്കിങ് നോക്കി ജപ്പാനെ ചെറുതാക്കി കാണേണ്ടെന്നും ഏഷ്യയിലെ മികച്ച ടീമുകളിലൊന്നാണ് ജപ്പാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ കളിയിലെ ഇന്ത്യന്‍ ടിമിന്റെ പ്രകടനം മികച്ചതായിരുന്നില്ലെന്ന അഭിപ്രായമാണ് പരീശീലകര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ അുത്ത കളിയില്‍ തെറ്റുകള്‍ തിരുത്തി വിജയം നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.