2026 ടി – 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്.
2026 ടി – 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രം പരാജയപ്പെട്ടാണ് ഇന്ത്യയും ഇംഗ്ലണ്ടും കളത്തിലിറങ്ങുന്നത്. ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇരുവരും പോരിനിറങ്ങുന്നത്. അതിനാല്‍ തന്നെ കടുത്ത പോരാട്ടത്തിന് തന്നെയാവും ആരാധകര്‍ സാക്ഷിയാവുക.
ഈ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്. ടി – 20 ലോകകപ്പില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്. നേരത്തെ 2022ലും 2024ലും സെമിയില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു.

Photo: BCCI/x.com
2022ല്‍ രണ്ടാം സെമിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170ന്റെ വിജയലക്ഷ്യമുയര്‍ത്തി. വിരാട് കോഹ്ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലായിരുന്നു ഇത്.
ഈ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് അപരാജിത ഓപ്പണിങ് കൂട്ടുകെട്ടിന്റെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അലക്‌സ് ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സും ജോസ് ബട്‌ലര്‍ 49 പന്തില്‍ 80 റണ്‍സും നേടി പുറത്താവാതെ നിന്നാണ് അന്ന് ഇംഗ്ലണ്ടിനെ ഫൈനലില്‍ എത്തിച്ചത്. ആ വര്‍ഷം ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം കിരീടം ഉയര്‍ത്തുകയും ചെയ്തു.

Photo: England Cricket/x.com
ഈ കണ്ണീരിന് ഇന്ത്യ 2024 ലോകകപ്പ് സെമിയില്‍ പകരം വീട്ടി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇത് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ രോഹിത് ശര്‍മയ്ക്ക് കീഴിലെ ഇന്ത്യന്‍ പട 103 റണ്‍സിന് പുറത്താക്കി. അങ്ങനെ വിജയം സ്വന്തമാക്കി മുന്നേറിയ നീലപ്പട ഫൈനലില്‍ വര്‍ഷങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് ജേതാക്കളായി.
ഇപ്പോള്‍ മറ്റൊരു സെമി ഫൈനലില്‍ കൂടി ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരികയാണ്. ഇതിനോടകം രണ്ട് കിരീടങ്ങള്‍ നേടിയ ഇരു ടീമുകളും മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
Content Highlight: India and England are facing third consecutive semi finals in T20 World Cups