റിയാദ്: കുട്ടിക്കാലത്ത് ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ പേരിൽ സൗദി അറേബ്യയിൽ വീണ്ടും വധശിക്ഷ നടപ്പാക്കി. 14 വയസുള്ളപ്പോൾ ചെയ്ത കുറ്റങ്ങളുടെ പേരിലാണ് ഹസൻ സാക്കി അൽ-ഫറജ് എന്ന യുവാവിനെ സൗദി അധികൃതർ കഴിഞ്ഞ ശനിയാഴ്ച വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചാണ് (എച്ച്.ആർ.ഡബ്ള്യു) ഈ വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ, കൗമാരപ്രായത്തിൽ ചെയ്ത സമാനമായ കുറ്റങ്ങളുടെ പേരിൽ വിചാരണ നേരിട്ട യൂസഫ് അൽ-മനാസിഫ് എന്ന മറ്റൊരു യുവാവും ഇപ്പോൾ ഏതു നിമിഷവും വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടാവുന്ന സാഹചര്യത്തിലാണ്.
തടവിലാക്കപ്പെട്ടവരും അന്വേഷിക്കപ്പെടുന്നവരുമായ വ്യക്തികളുമായി 14-ാം വയസിൽ സൗഹൃദം സ്ഥാപിച്ചു എന്നതാണ് ഹസൻ അൽ-ഫറജിന് മേൽ ചുമത്തിയ പ്രധാന കുറ്റം. 2017-ൽ അറസ്റ്റിലായ ഇദ്ദേഹത്തിന് 2022-ൽ പ്രത്യേക ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ക്രൂരമായ ശാരീരിക പീഡനത്തിലൂടെയും ഏകാന്ത തടവിലൂടെയും ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മത മൊഴിയിൽ ഒപ്പിടുവിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കുന്നു. ഈ വധശിക്ഷ മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യത്തിനുവേണ്ടിയും ഷിയാ വിഭാഗത്തിന് നേരെയുള്ള വിവേചനത്തിനെതിരെയും ശബ്ദമുയർത്തിയ വ്യക്തിയാണ് നിലവിൽ വധശിക്ഷ കാത്തു കഴിയുന്ന യൂസഫ് അൽ-മനാസിഫ്.
2017 ഏപ്രിലിൽ അൽ-ഖത്തീഫിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് 20-ാം വയസ്സിൽ ഇദ്ദേഹം അറസ്റ്റിലായത്. രാജ്യത്തിന്റെ ഐക്യത്തെയും സ്ഥിരതയെയും ബാധിക്കുന്ന കലാപസമാനമായ കൂട്ടായ്മകളിൽ പങ്കെടുത്തത്, ഭീകരവാദ സെല്ലിൽ അംഗമായത്, ഭീകരവാദത്തിന് ധനസഹായം നൽകിയത്, സുരക്ഷാ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് ഗുളികകൾ വിറ്റത്, രാജ്യത്ത് കലാപവും വിഭാഗീയതയും ഇളക്കിവിട്ടത് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് പ്രോസിക്യൂഷൻ അദ്ദേഹത്തിനെതിരെ ചുമത്തിയത്.
ഭീകരവാദ ബന്ധവും കലാപമുണ്ടാക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയതെങ്കിലും, ഇതിൽ പലതും അദ്ദേഹം 15-ഉം 16-ഉം വയസുള്ളപ്പോഴാണ് ചെയ്തതെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
കസ്റ്റഡിയിലെടുത്ത ശേഷം ആദ്യത്തെ അഞ്ച് മാസം കുടുംബാംഗങ്ങളെ പോലും കാണാൻ അനുവദിക്കാതെ, കടുത്ത പീഡനത്തിലൂടെയാണ് ഇദ്ദേഹത്തെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചത്.
2022 ഒക്ടോബറിൽ ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും, പിന്നീട് അപ്പീലിലൂടെ 2024 നവംബറിൽ ശിക്ഷ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2025 ഫെബ്രുവരിയിൽ സുപ്രീം കോടതി വധശിക്ഷ വീണ്ടും പുനസ്ഥാപിക്കുകയും ഓഗസ്റ്റിൽ അപ്പീൽ കോടതി അത് ശരിവെക്കുകയും ചെയ്തു.
ഹസൻ അൽ-ഫറജ്, യൂസഫ് അൽ-മനാസിഫ് എന്നിവരുൾപ്പെടെയുള്ളവരുടെ തടവ് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും വിചാരണ നീതിയുക്തമല്ലെന്നും 2024-ൽ യു.എൻ പ്രത്യേക സമിതി വ്യക്തമാക്കിയിരുന്നു.
18 വയസിന് താഴെയുള്ളവർ ചെയ്യുന്ന ചില കുറ്റങ്ങൾക്ക് വധശിക്ഷ നൽകരുതെന്ന് സൗദിയിൽ നിയമങ്ങളുണ്ടെങ്കിലും, ഭീകരവിരുദ്ധ നിയമങ്ങൾക്ക് കീഴിൽ വരുന്ന കേസുകൾക്ക് ഈ സംരക്ഷണം ലഭിക്കാറില്ല.
12 വയസ്സുള്ളപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്ത അലി അൽ-സുബൈത്തിയെ അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കിയതും, പ്രായപൂർത്തിയാകാത്ത കാലത്തെ ആരോപണങ്ങളിൽ അലി അൽ-മബ്യൂക്ക്, ജവാദ് ഖുറൈരിസ് എന്നിവർ ശിക്ഷിക്കപ്പെട്ടതും ആശങ്ക വർധിപ്പിക്കുന്നു.
അന്യായമായ വിചാരണകളിലൂടെ നടപ്പാക്കുന്ന ഇത്തരം വധശിക്ഷകൾ അടിയന്തരമായി നിർത്തിവെക്കാൻ അന്താരാഷ്ട്ര സമൂഹം സൗദി സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു.
Content Highlight:Another death sentence in Saudi Arabia for protests committed during adolescence; human rights organizations express concern.
