മിമിക്രിയിലൂടെ സിനിമാരംഗത്തേക്കെത്തിയ നടന്മാരിലൊരാളാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത താരം കോമഡി വേഷങ്ങളിലാണ് കൂടുതലും തിളങ്ങിയത്. കൊവിഡിന് ശേഷം കോട്ടയം നസീറിന്റെ മറ്റൊരു വേര്‍ഷനാണ് സിനിമാപ്രേമികള്‍ കണ്ടത്. ക്യാരക്ടര്‍ റോളുകളിലേക്കുള്ള ചുവടുമാറ്റം പ്രേക്ഷകരെ ഞെട്ടിച്ചു.

തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ജയിലര്‍ 2ലും കോട്ടയം നസീര്‍ ഭാഗമാണ്. ചിത്രത്തിലെ ഒരുലോഡ് മലയാളി താരങ്ങള്‍ക്കിടയില്‍ അമീര്‍ എന്ന കഥാപാത്രവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. കരിയറിലെ ആദ്യ തമിഴ് സിനിമ തന്നെ ഗംഭീര വിജയമായതിന്റെ സന്തോഷത്തിലാണ് കോട്ടയം നസീര്‍.

കോട്ടയം നസീർ. Photo. Screen Grab/ Youtube

കരിയറില്‍ ഇത്രയും ചര്‍ച്ചയായ വേഷം മുമ്പ് ഉണ്ടായിട്ടില്ലെന്ന് താരം പറഞ്ഞു. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്തതിന് ശേഷമാണ് ശ്രദ്ധിക്കപ്പെട്ട റോളിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം കണ്ടിട്ട് മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചെന്നും കരിയറിലെ ആദ്യത്തെ ശ്രദ്ധേയ വേഷം ചെയ്തത് മമ്മൂട്ടിയുടെ കൂടെയായിരുന്നെന്നും കോട്ടയം നസീര്‍ പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെറുതും വലുതുമായ റോളുകള്‍ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ത്രൂ ഔട്ട് റോള്‍ കിട്ടിയത് കഥ പറയുമ്പോളിലായിരുന്നു. ഇടിക്കട്ട വര്‍ക്കി എന്ന ക്യാരക്ടര്‍ വലിയ മൈലേജുണ്ടാക്കി. ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത് ആ സിനിമയിലാണ്. മമ്മൂക്കയുമായി കോമ്പിനേഷന്‍ സീനൊന്നും എനിക്കുണ്ടായിരുന്നില്ല. ക്ലൈമാക്‌സിലാണ് ഞങ്ങളുടെ കഥാപാത്രങ്ങള്‍ ഒരു സ്ഥലത്ത് എത്തുന്നത്. മമ്മൂക്ക സ്റ്റേജില്‍ നിന്ന് പ്രസംഗിക്കുമ്പോള്‍ ഞാനും ബാക്കിയുള്ളവരും അത് കേള്‍ക്കുന്ന സീനായിരുന്നു അത്.

ആ സീന്‍ എടുക്കുന്നതിന് മുമ്പ് മമ്മൂക്ക എന്നെ കണ്ടു. ‘എന്റെ കൂടെ സിനിമ ചെയ്തില്ല എന്നുള്ള നിന്റെ പരാതി തീര്‍ന്നില്ലേ’ എന്ന് അദ്ദേഹം തമാശയായി പറഞ്ഞു. എന്റെ ക്യാരക്ടര്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ആ സിനിമ മുഴുവന്‍ മമ്മൂക്ക തിന്നു കളഞ്ഞു. ക്ലൈമാക്‌സിലെ ആ ഒരൊറ്റ പ്രസംഗം കൊണ്ട് സിനിമ മുഴുവന്‍ അദ്ദേഹത്തിന്റെ പേരിലാക്കി. ഒരുപാട് റീമേക്കുകളുണ്ടായെങ്കിലും മമ്മൂക്കയുടെ പെര്‍ഫോമന്‍സിന്റെ ആ ഒരു പെര്‍ഫക്ഷന്‍ കിട്ടിയിട്ടില്ല,’ കോട്ടയം നസീര്‍ പറഞ്ഞു.

കൊവിഡിന് ശേഷം മിമിക്രി പ്രോഗ്രാമൊന്നും ഉണ്ടായിരുന്നില്ലെന്നും സിനിമയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് റോഷാക്കിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. കഥ കേട്ടപ്പോള്‍ തന്നെ അതിലെ റോള്‍ ശ്രദ്ധിക്കപ്പെടുമെന്ന് മനസിലായെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് തലവന്‍, വാഴ പോലുള്ള പ്രൊജക്ടുകളുടെ ഭാഗമായെന്നും താരം പറഞ്ഞു.

Content Highlight: Kottayam Nazeer about his role and Mammootty’s impact in Kadha Parayumbol movie